ജില്ലയിൽ സജീവമായി കുടുംബശ്രീ ഹോംഷോപ്പ്
1458118
Tuesday, October 1, 2024 8:05 AM IST
കണ്ണൂർ: കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന മായം കലരാത്ത ഗുണമേന്മയുള്ള ഉത്പന്നങ്ങൾ നേരിട്ട് വീട്ടിലെത്തിക്കുന്ന ഹോം ഷോപ്പ് പദ്ധതി ജില്ലയിൽ സജീവമായി. ഉത്പന്നങ്ങൾക്ക് പ്രാദേശിക വിപണി ഒരുക്കുന്നതിനും കൂടുതൽ സംരംഭകരെ സൃഷ്ടിക്കുന്നതിനുമാണ് ഹോംഷോപ്പ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.
ഇതുവഴി കുടുംബശ്രീയുടെ മായമില്ലാത്ത ഉത്പന്നങ്ങൾ മിതമായ വിലയിൽ പൊതുജനങ്ങൾക്ക് വീട്ടുപടിക്കൽ ലഭ്യമാകുന്നു. ഹോം ഷോപ്പ് പദ്ധതി ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും സജീവമാകുന്നതോടെ കുറഞ്ഞത് 2000 കുടുംബശ്രീ വനിതകൾക്ക് സുസ്ഥിരമായ വരുമാന മാർഗം ലഭ്യമാകും. ഗ്രാമീണ സംരംഭകർക്ക് ആവരുടെ ഉത്പന്നങ്ങളുടെ ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിവാശ്യമായ പരിശീലനവും, അസംസ്കൃത വസ്തുക്കൾ പാക്കിംഗ്, ലേബലിംഗ് എന്നിവയ്ക്ക് അടിസ്ഥാന സൗകര്യവും സാമ്പത്തിക സഹായകവും പദ്ധതി വഴി ലഭ്യമാകുന്നു.
വിപണനരംഗത്ത് പ്രവർത്തിക്കുന്ന കുടുംബശ്രീ അംഗങ്ങൾക്ക് ടൂവീലർ വാങ്ങുന്നതിന് സിഇഎഫിൽ നിന്നും 70,000 രൂപ വരെ പലിശരഹിത ലോൺ, 50,000 രൂപ വരെ സംരംഭകത്വ ലോൺ, യൂണിഫോം, ബാഗ്, തിരിച്ചറിയൽ കാർഡ് ആവശ്യമായ പരിശീലനം എന്നിവയും കുടുംബശ്രീ ലഭ്യമാക്കുന്നു. ജില്ലയിലെ എല്ലാ വാർഡുകളിലും പദ്ധതി നടപ്പാക്കാനാണ് കുടുംബശ്രീ മിഷൻ ലക്ഷ്യമിടുന്നത്. കെ-ലിഫ്റ്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഹോംഷോപ്പ് നടപ്പിലാക്കുന്നത്. സിഡിഎസുകളും മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റുമാരും ബ്ലോക്ക് കോ-ഓർഡിനേറ്റർമാരും ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.
കണ്ണൂർ ഡിപിസി ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ജയൻ, എഡിഎംസി ദീപ, ഡിപിഎം നിധിഷ, ബിസി ഫരീദ, മാനേജ്മെന്റ് ടീം അംഗങ്ങളായ കെ. പദ്മനാഭൻ, രജീഷ് ഹോം ഷോപ്പ് ഓണേർസ് എന്നിവർ പങ്കെടുത്തു. മികച്ച വിറ്റുവരവുണ്ടാക്കിയ ഹോം ഷോപ്പ് ഓണർമാർക്കുള്ള സമ്മാനദാനം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എം.വി. ജയൻ നിർവഹിച്ചു.