മെഡിക്കൽ കോളജിലെ സൗകര്യങ്ങൾ ജില്ലാ ആശുപത്രികളിൽ ലഭ്യമാക്കി: വീണ ജോർജ്
1459328
Sunday, October 6, 2024 6:44 AM IST
കണ്ണൂർ: മെഡിക്കൽ കോളജുകളിലും സ്വകാര്യ ആശുപത്രികളിലും മാത്രമായിരുന്ന ചികിത്സാ സൗകര്യങ്ങൾ ഇന്ന് ഗവ. ജില്ലാ ആശുപത്രികളിൽ ലഭ്യമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ 2022ൽ കാത്ത് ലാബ് യാഥാർഥ്യമായത് ഇതിന് തെളിവാണ്.
അഞ്ചരക്കണ്ടി കുടുംബാരോഗ്യകേന്ദ്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ എംഎൽഎ, എഡിഎസ് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഫിസിയോ തെറാപ്പി കെട്ടിടത്തിന്റെയും ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച കോൺഫറൻസ് ഹാൾ, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവയുടെയും ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ ആശുപത്രികളിൽ പ്രസവത്തിന് അർഹമായ ആദരവോടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ നിർമിച്ച അമ്മയും കുഞ്ഞും ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രതിവർഷം 1400 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇനി മുതൽ വകുപ്പിലെ അവധി അപേക്ഷകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. അനധികൃതമായി അവധി എടുക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
എം.വി. ഗോവിന്ദൻ എംഎൽഎ അധ്യക്ഷനായിരുന്നു. ഡിഎംഒ ഡോ. പിയൂഷ് എം. നന്പൂതിരിപ്പാട് റിപ്പോർട്ട് അവതരിപ്പിച്ചു.
മാട്ടൂൽ സാമൂഹികാരോഗ്യ കേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റെയും പഴയങ്ങാടി താലൂക്ക് ആശുപത്രി സ്റ്റാഫ് ക്വാർട്ടേഴ്സ്, മാങ്ങാട്ടുപറമ്പ് ഇ.കെ. നായനാർ സ്മാരക ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കോമ്പൗണ്ടിൽ നിർമിച്ച സ്റ്റാഫ് ക്വാർട്ടേഴ്സ് എന്നിവ ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു.
കണ്ണൂർ കോർപറേഷൻ പുഴാതി സോണലിലെ പുഴാതി പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റെ ഭാഗമായി നിർമിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിന്റെ നിർമാണോദ്ഘാടനവും, ചെങ്ങളായി പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയതിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിച്ചു.