അധികൃതർ കണ്ണ് തുറന്നു കാണുക; ദുരന്തം വരുത്താൻ ഓരോ കാരണങ്ങൾ
1459963
Wednesday, October 9, 2024 7:40 AM IST
കാർത്തികപുരം: ഈ സ്കൂൾ മുറ്റത്ത് പിള്ളേർ ഓടിക്കളിക്കുന്പോൾ സൂക്ഷിക്കുക...ചിലപ്പോൾ വലിയൊരു ദുരന്തം സംഭവിച്ചേക്കാം..ദുരന്തം സംഭവിച്ചു കഴിയുന്പോഴായിരിക്കും ചർച്ചകൾ നടക്കുക.
കനത്ത മഴയിൽ കാർത്തികപുരം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ മുറ്റവും മതിലും ഇടിഞ്ഞുവീണിട്ട് നാല് മാസം പിന്നിട്ടു. ഇടിഞ്ഞഭാഗം ഇപ്പോഴും അപകടാവസ്ഥയിലാണ്. എന്നിട്ടും തിരിഞ്ഞു നോക്കുന്നില്ല അധികൃതർ.സ്കൂളിന്റെ മുൻഭാഗത്തെ 50 മീറ്റർ നീളമുള്ള മതിലിന്റെ 12 മീറ്ററോളം വരുന്ന ഭാഗമാണ് ഇടിഞ്ഞു വീണത്. മതിലിന് ഒന്പത് മീറ്ററോളമാണ് ഉയരമുള്ളത്. രാത്രിയിലുണ്ടായ ശക്തമായ മഴയിലാണ് ഈ ഭാഗം ഇടിഞ്ഞത്. അതുകൊണ്ടാണ് വൻ ദുരന്തം ഒഴിവായത്.
ഇടിഞ്ഞ മതിലിന്റെ ബാക്കിഭാഗവും അപകടാവസ്ഥയിലാണ്. വിദ്യാർഥികൾ അപകടപ്രദേശമായ സ്കൂൾ മുറ്റത്തേക്ക് കടക്കുന്നത് തടയാൻ സ്കൂൾ അധികൃതരും പിടിഎയും ചേർത്ത് കയർ ഉപയോഗിച്ച് തടഞ്ഞിരിക്കുകയാണ്. എന്നിരുന്നാലും ദുരന്തം ഒരു കൈയകലെയുണ്ട്.
മതിൽ ഇടിഞ്ഞുവീണ് കാർത്തികപുരം പാറോത്തുമല റോഡിൽ കിടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനയാത്രക്കാരും കാൽനടയാത്രക്കാരും ഏറെ ദുരിതത്തിലാണ്. നാലുമീറ്റർ ടാറിംഗ് ചെയ്തിട്ടുള്ള റോഡിൽ ഏകദേശം ഒരു മീറ്ററിന് താഴെ മാത്രമാണ് വാഹനങ്ങൾ കടന്നു പോകുന്നതിന് അവശേഷിക്കുന്നത്. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന സ്ത്രീകളടക്കമുള്ളവർ പിന്നിൽ ഇരിക്കുന്നവരെ ഇറക്കിയ ശേഷമാണ് ഇതിലൂടെ പോകുന്നത്.
സ്കൂൾ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലായതിനാൽ ടെൻഡർ വച്ച് നടപടി സ്വീകരിക്കാൻ വൈകുന്നതാണ് ഇടിഞ്ഞ ഭാഗം നീക്കം ചെയ്യാത്തതിന് കാരണമെന്നു പറയപ്പെടുന്നു. വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്ത് അധികൃതരുടെ ഭാഗത്ത് നിന്ന് മതിൽ നിർമിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയുടെയും പിടിഎയുടെയും ആവശ്യം.