പോലീസിനെ കൈയേറ്റം ചെയ്ത കേസ്: സിപിഎം പ്രവർത്തകൻ കോടതിയിൽ കീഴടങ്ങി
1460299
Thursday, October 10, 2024 8:54 AM IST
പയ്യന്നൂർ: സംഘർഷമൊഴിവാക്കാൻ ശ്രമിച്ച പോലീസിനെ തടയുകയും ആക്രമിക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ സിപിഎം പ്രവർത്തകൻ കോടതിയിൽ കീഴടങ്ങി. കീഴടങ്ങിയ പ്രിയേഷ് കുഞ്ഞിമംഗലത്തെ (38) കോടതി റിമാൻഡ് ചെയ്തു. ഓഗസ്റ്റ് 21 ന് വൈകുന്നേരം 6.30 ഓടെ കുഞ്ഞിമംഗലം ആണ്ടാംകൊവ്വൽ മല്ലിയോട്ട് ക്ഷേത്രത്തിനു സമീപമാണ് കോസിനാസ്പദമായ സംഭവം.
പയ്യന്നൂർ എസ്ഐ സി. സനീദിന്റെ പരാതിയിലാണ് കേസെടുത്തത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പ് മുതൽ കുഞ്ഞിമംഗലത്ത് തീയ്യക്ഷേമ മഹാസഭയുടെ പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ സംഘർഷം നിലനിൽക്കുകയായിരുന്നു. ഇതിനിടെ ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായതറിഞ്ഞ് പോലീസ് എത്തിയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് സംഭവദിവസം വീണ്ടും സംഘർഷാവസ്ഥയുണ്ടായത്.
തീയ്യക്ഷേമ സമിതി ഓഫീസിന് സമീപത്തേക്ക് മുദ്രാവാക്യം വിളിയോടെ എത്തിയ സംഘം അവിടെ നിന്നിരുന്ന ഒരാളെ മർദിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച എസ്ഐ സനീതിനെയും സിപിഒയെയും ആക്രമിക്കുകയായിരുന്നുവെന്നാണു പരാതി. ആക്രമണത്തിൽ പയ്യന്നൂർ എസ്ഐ സി. സനീതിനും കൂടെ ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ണൂർ റൂറൽ ജില്ലാ ഹെഡ് ക്വാർട്ടേഴ്സിലെ സിപിഒ കെ. ലിവിനും പരിക്കേറ്റിരുന്നു. സംഭവത്തിൽ കുഞ്ഞിമംഗലത്തെ സിപിഎം പ്രവർത്തകരായ പ്രിയേഷ്, സന്തോഷ്, ഹർഷാദ് എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന അഞ്ചുപേർക്കുമെതിരെ കേസെടുത്തിരുന്നു. ഈ കേസിലാണു പ്രതികളിലൊരാൾ കീഴടങ്ങിയത്.