ചുരമില്ലാ പാത കണ്ടെത്തിയ ടി.എസ്.സക്റിയയെ ആദരിച്ചു
1461291
Tuesday, October 15, 2024 7:10 AM IST
കൊട്ടിയൂർ: വയനാടിനെയും കണ്ണൂരിനെയും ബന്ധിപ്പിക്കാൻ ചുരമില്ലാ പാത കണ്ടെത്തിയ ടി.എസ്. സ്കറിയയെ ആദരിച്ചു. അസുഖബാധിതനായി ചികിത്സയിലുള്ള സ്കറിയയെ അദ്ദേഹത്തിന്റെ 83ാം ജൻമനദിനമായ ഇന്നലെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ വീട്ടിലെത്തിയാണ് ആദരിച്ചത്.
മിഴി കലാ സാംസ്കാരിക വേദി പ്രസിഡന്റ് ജോയ് സെബാസ്റ്റ്യൻ ഓരത്തേൽ പൊന്നാട അണിയിച്ചു . കോൺഗ്രസ് പേരാവൂർ ബ്ലോക്ക് സെക്രട്ടറി ബിജു ഓളാട്ടുപുറം, മുൻ ബ്ലോക്ക് പഞ്ചായത്തംഗം മാത്യു പറമ്പൻ, കോൺഗ്രസ് മണ്ഡലം സെക്രട്ടറി ബാബു ജോസഫ്, യുണൈറ്റഡ് മർച്ചന്റസ് ചേംബർ സംസ്ഥാന കമ്മിറ്റി അംഗം ഷാജി തോമസ് എന്നിവർ പ്രസംഗിച്ചു.
അരനൂറ്റാണ്ടു മുന്പാണ് ചുരമില്ലാ പാത കണ്ടെത്തിയത്. അന്നത്തെ ബ്ലോക്ക് ഡവലപ്പ് മെന്റ് ഓഫീസിന്റെ ധനസഹായത്തോടെ റോഡ് നിർമിക്കാനും സർക്കാർ അനുമതി വാങ്ങാനും നേതൃത്വം നൽകിയതും ടി.എസ്. സ്കറിയയാണ്. രണ്ട് വർഷം മുന്പ് ചികിത്സ തേടും വരെ റോഡിനായി നടത്തിയ എല്ലാ നീക്കങ്ങൾക്ക് മുന്നിലും പ്രവർത്തിച്ച അദ്ദേഹം കൊട്ടിയൂർ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
റോഡിനുള്ള സ്ഥലം കൊട്ടിയൂർ പഞ്ചായത്തിന് ലീസ് നൽകി ഉപയോഗിക്കുന്നതിന് അനുമതി വാങ്ങുകയും വനം വകുപ്പ് തന്നെ മരങ്ങൾ വെട്ടി മാറ്റി റോഡ് നിർമിക്കുന്നതിന് സൗകര്യമൊരുക്കുകയും ചെയ്തിരുന്നതാണ്. എന്നാൽ പിന്നീട് വനം വകുപ്പ് ലീസ് വാങ്ങുന്നത് തടയുകയും വാഹനങ്ങൾ ഓടിയിരുന്ന റോഡ് അടയ്ക്കുകയും ചെയ്തു. റോഡ് തുറന്നു കൊടുക്കുന്നതിനു പല ശ്രമങ്ങളും നടത്തിയെങ്കിലും പദ്ധതിയ റോഡ് യാഥാർഥ്യമാകാതെ പോകുകയായിരുന്നു.