വന്യമൃഗശല്യം: എംഎൽഎ ഓഫീസുകൾക്ക് മുന്നിൽ ജനകീയ സമിതി ശ്രദ്ധ ക്ഷണിക്കൽ സമരം നടത്തും
1497618
Thursday, January 23, 2025 1:02 AM IST
പയ്യാവൂർ: മലയോര മേഖലയിലെ കർഷകർ അനുഭവിക്കുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി പ്രവർത്തിക്കാനും സർക്കാരിന്റെ കർഷകജനദ്രോഹ നയങ്ങൾക്കെതിരെ പോരാടാനുമായി ജനകീയ സമിതി രൂപീകരിച്ചു.
പ്രക്ഷോഭത്തിന്റെ ഭാഗമായി എംഎൽഎമാരുടെ ഓഫീസുകൾക്കു മുന്നിൽ ശ്രദ്ധ ക്ഷണിക്കൽ സമരം നടത്താൻ തീരുമാനിച്ചു. പയ്യാവൂരിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ തോമസ് കുര്യൻ, ഷാജി തെക്കേമുറിയിൽ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. പുതിയ അഡ്ഹോക്ക് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
രണ്ടാം ലോക മഹായുദ്ധകാലത്ത് തിരുവിതാംകൂറിൽ ഉണ്ടായ പട്ടിണിയെ തുടർന്ന് മലബാറിലേക്ക് കുടിയേറിയ കർഷക കുടുംബങ്ങളുടെ പിൻമുറക്കാർ ഇന്ന് കുടിയിറക്കിന്റെ ഭീഷണിയിലാണെന്ന് യോഗം ചൂണ്ടിക്കാട്ടി. വനംവകുപ്പിന്റെ ഒത്താശയോടെ നടക്കുന്ന ഈ കുടിയിറക്കിനെ പ്രതിരോധിക്കുമെന്നും വന്യമൃഗങ്ങൾക്ക് കർഷകനെ കൊല്ലാനും കൃഷിയടങ്ങളിൽ വിഹരിക്കാനുമുള്ള സൗകര്യമാണ് വനംവകുപ്പ് ഒരുക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.
അഡ്ഹോക്ക് കമ്മിറ്റി ഭാരവാഹികൾ: തോമസ് കുര്യൻ-പ്രസിഡന്റ്, തോമസ് ചക്കാംകുന്നേൽ-സെക്രട്ടറി, തോമസ് അഗസ്റ്റിൻ, പി.കെ. ഷാജി, സിബി തുരുത്തിപ്പള്ളി, സെബാസ്റ്റ്യൻ ജോർജ് കരോട്ട്-കമ്മിറ്റി അംഗങ്ങൾ.