കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ ഏഴു ശതമാനം വർധന
1513525
Wednesday, February 12, 2025 7:56 AM IST
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ. കഴിഞ്ഞ വർഷം 2023നെ അപേക്ഷിച്ച് ഏഴു ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. അന്താരാഷ്ട്ര സർവീസുകളുടെ എണ്ണത്തിലും വർധനയുണ്ട്. 14 ശതമാനം.
കഴിഞ്ഞ വർഷം നടത്തിയ ആകെ സർവീസുകളുടെ 71 ശതമാനവും അന്താരാഷ്ട്ര സർവീസുകളാണ്. ആകെ 13 ലക്ഷം യാത്രക്കാരാണ് 2024ൽ കണ്ണൂർ വിമാനത്താവളം വഴിയാത്ര ചെയ്തത്. 11,500 വിമാനസർവീസുകളും നടത്തി.
അബുദാബി, ഷാർജ, ദോഹ, ദുബായ്, മസ്ക്കറ്റ് എന്നിവിടങ്ങളിലേക്ക് ഒരു ലക്ഷത്തിലധികം യാത്രക്കാരുണ്ടായി. ആഭ്യന്തര സെക്ടറിൽ ബംഗളൂരു, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലേക്കാണ് കൂടുതൽ യാത്രക്കാർ. സർവീസുകളിൽ 60 ശതമാനവും നടത്തിയത് എയർഇന്ത്യ എക്സ്പ്രസാണ്. ചരക്കുനീക്കത്തിലും 12 ശതമാനം വർധനവുണ്ടായി. ആകെ 3950 മെട്രിക് ടൺ ചരക്കാണ് കൈകാര്യം ചെയ്തത്.