കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്ററിൽ ചോർച്ച: എട്ട് ശസ്ത്രക്രിയകൾ മാറ്റിവച്ചു
1567900
Tuesday, June 17, 2025 1:19 AM IST
കണ്ണൂര്‍: കനത്ത മഴയില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന് തിയേറ്ററില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് ശസ്ത്രക്രിയകള്‍ മുടങ്ങി. ഇന്നലെ രാവിലെ നടത്താനിരുന്ന കണ്ണിന്റെ ശസ്ത്രക്രിയകളാണ് മുടങ്ങിയത്. രോഗികളെ നിര്‍ബന്ധിതമായി ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ചതോടെ രോഗികളുടെ കൂട്ടിരിപ്പുകാർ പ്രതിഷേധിച്ചു. എട്ടുപേര്‍ക്കായിരുന്നു ഇന്നലെ തിമിര ശസ്ത്രക്രിയ നിശ്ചയിച്ചത്. ഈ എട്ടുരോഗികളുടെയും ശസ്ത്രക്രിയ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.
ഇന്നലെ രാവിലെയാണ് ഓപ്പറേഷന് തിയേറ്ററിലെ ചോര്‍ച്ച ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. രോഗികളുടെ സുരക്ഷ കണക്കിലെടുത്താണ് ശസ്ത്രക്രിയകൾ മാറ്റിയത്. പെട്ടെന്ന് ശസ്ത്രക്രിയ മാറ്റിവച്ചുവെന്നും ഡിസ്ചാര്‍ജ് വാങ്ങണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ രോഗികളുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു.
ശസ്ത്രക്രിയ നേരത്തെ നിശ്ചയിച്ചതിനാല്‍ ഞായറാഴ്ച തന്നെ രോഗികളും കൂട്ടിരിക്കാന്‍ ബന്ധുക്കളും ആശുപത്രിയിലെത്തിയിരുന്നു.
ഇന്നലെ രാവിലെ ഓപ്പറേഷന് മുന്നോടിയായി മരുന്നുകള്‍ നല്‍കുകയും ചെയ്തു. പ്രതിഷേധത്തെത്തുടര്‍ന്ന് എഐസിസി വക്താവ് ഷമാ മുഹമ്മദിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി ആശുപത്രി സൂപ്രണ്ടുമായി സംസാരിച്ചു.
രോഗികളുടെ സുരക്ഷ കണക്കിലെടുത്താണ് ശസ്ത്രക്രിയ മാറ്റിയതെന്നും ഓപ്പറേഷന് തിയേറ്ററുടെ ചോര്‍ച്ച പരിഹരിച്ച് അണുവിമുക്തമാക്കി വെള്ളിയാഴ്ചക്കുള്ളില്‍ ശസ്ത്രക്രിയ പുനരാരംഭിക്കുമെന്നും സൂപ്രണ്ട് പറഞ്ഞു. ഇതേത്തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.