പണിമുടക്കില്‍ മാറ്റമില്ല; മന്ത്രിയുടെ ചര്‍ച്ച പ്രഹസനമെന്ന് ബസുടമകള്‍
1577439
Sunday, July 20, 2025 8:24 AM IST
കണ്ണൂര്‍: സ്വകാര്യ ബസുടമകള്‍ പ്രഖ്യാപിച്ച പണിമുടക്കില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്. 22 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. കഴിഞ്ഞദിവസം ഗതാഗത മന്ത്രി ബസുടമകളുമായി നടത്തിയ ചർച്ച തീര്‍ത്തും നാടകീയമാണെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ചാലക്കുടിയില്‍ 15 ബസുകള്‍ മാത്രം സര്‍വീസ് നടത്തുന്ന ബസുടമ സംഘടനയാണ് പണിമുടക്കില്‍ നിന്ന് പിന്മാറിയത്.
ഇവര്‍ പണിമുടക്കിന് നോട്ടിസ് പോലും നല്‍കാത്ത സംഘടനയാണ്. ബസുടമകള്‍ വര്‍ഷങ്ങളായി ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്കൊന്നും ചര്‍ച്ചയില്‍ യാതൊരു പരിഹാരം മന്ത്രി നിര്‍ദേശിച്ചിട്ടില്ല. അതിനാല്‍ സമരവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ബസുടമകളുടെ തീരുമാനം. പണിമുടക്കിന് മുന്നോടിയായി നാളെ ജില്ലയില്‍ വാഹന പ്രചാരണ ജാഥ നടത്തും.
രാവിലെ ഒന്‍പതിന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ജാഥ 10ന് പഴയങ്ങാടി, 11ന് പയ്യന്നൂര്‍, 12.30ന് തളിപ്പറമ്പ്, ഇരിക്കൂര്‍, രണ്ടിന് ഇരിട്ടി, മൂന്നിന് മട്ടന്നൂര്‍, നാലിന് കൂത്തുപറമ്പ്, അഞ്ചിന് പാനൂര്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് വൈകുന്നേരം 6.30ന് തലശേരിയില്‍ സമാപിക്കും. പത്രസമ്മേളനത്തിൽ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് ഭാരവാഹികളായ രാജ്കുമാര് കരുവാരത്ത്, പി.കെ പവിത്രന്, കെ. വിജയന്, ടി.എം. സുധാകരന്, പി.വി. പദ്മനാഭന് എന്നിവര്‍ പങ്കെടുത്തു.