ചെമ്പേരിയിൽ ആധുനിക തിയറ്റർ കോംപ്ലക്സ് വരുന്നു
1577444
Sunday, July 20, 2025 8:24 AM IST
ചെമ്പേരി: മലയോര കുടിയേറ്റ ഗ്രാമമായ ചെമ്പേരി നിവാസികളുടെ ദീർഘകാലത്തെ സ്വപ്നം യാഥാർഥ്യമാകുന്നു. മലയോരത്തിന്റെ വിനോദ മേഖലയിൽ പുതിയ ചുവടുവയ്പ്പുമായി ആരംഭിക്കുന്ന ആധുനിക തിയറ്റർ കോംപ്ലക്സിന് ശിലാസ്ഥാപനം നടത്തിയതോടെയാണ് സ്വപ്ന സാക്ഷാത്കാരത്തിലേക്ക് നീങ്ങുന്നത്. ഉത്തര മലബാറിലെ വ്യാപാര പ്രമുഖരായ കോട്ടയിൽ ബിസിനസ് ഗ്രൂപ്പാണ് തങ്ങളുടെ പുതിയ സംരംഭമായി തീയറ്റർ കോംപ്ലക്സ് നിർമിക്കുന്നത്.
ശിലാസ്ഥാപനത്തിനുള്ള ശിലയുടെ ആശീർവാദത്തിന് ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് മുഖ്യ കാർമികത്വം വഹിച്ചു. ഫാ. നോബിൾ ഓണംകുളം, ഫാ. ജയിംസ് ചെല്ലങ്കോട്ട്, ഫാ. തോമസ് പയ്യമ്പിള്ളി, ഫാ. ലാസർ വരമ്പകത്ത്, ഫാ. ബിജു ചേന്നോത്ത്, ഫാ. വിപിൻ വെമ്മേനിക്കട്ടയിൽ, ഫാ. ജോൺ കൂവപ്പാറയിൽ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ദീപിക കണ്ണൂർ യൂണിറ്റ് സർക്കുലേഷൻ എജിഎം ജോർജ് തയ്യിൽ, എരുവേശി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽ പരവരാകത്ത്, കെവിവിഇഎസ് ചെമ്പേരി യൂണിറ്റ് പ്രസിഡന്റ് സാബു മണിമല, ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി, വാർഡ് മെംബർ പൗളിൻ, അജി കരിയിൽ, മാർട്ടിൻ കോട്ടയിൽ എന്നിവർ പ്രസംഗിച്ചു.