മരം വീണ് വീടിന്റെ ഷെഡ് തകർന്നു
1577446
Sunday, July 20, 2025 8:24 AM IST
ചെറുപുഴ: കാനംവയലില്‍ വനാതിര്‍ത്തിയിലെ മരം പൊട്ടി വീണ് വീടിന്റെ മുന്‍ഭാഗത്തെ ഷെഡ് പൂര്‍ണമായി തകര്‍ന്നു. ഇളയിടത്ത് കണ്ണന്റെ വീടിന്റെ മുന്‍ഭാഗമാണ് തകര്‍ന്നത്. കര്‍ണാടക വനാതിര്‍ത്തിയില്‍ നിന്നിരുന്ന മരമാണ് പൊട്ടിവീണത്.
സംഭവം നടക്കുമ്പോള്‍ വീട്ടിനുളളില്‍ കണ്ണന്റെ ഭാര്യ സരോജിനിയും വീടിന് പുറത്ത് ഇളയ മകന് രാജേഷും ഉണ്ടായിരുന്നു. പന്തലിനടിയില്പ്പെട്ട രാജേഷ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. കര്‍ണാടക വനത്തോട് ചേര്‍ന്ന പ്രദേശമായ കാനംവയല്‍ ഉന്നതിയുടെ അതിര്‍ത്തിയിലുള്ള സോളാര്‍ വൈദ്യുതി വേലിയും തകര്‍ത്താണ് മരം വീടിന് മുകളിലേക്ക് വീണത്. വനാതിര്‍ത്തിയിലെ അപകടകരമായ മരങ്ങള്‍ മുറിച്ചുനീക്കാന്‍ കര്‍ണാടക വനം വകുപ്പാണ് നടപടിയെടുക്കേണ്ടത്.
എന്നാല്‍, ഇതിന് കേരളത്തിലെ ബന്ധപ്പെട്ട വകുപ്പുകളുടെ ഇടപെടല്‍ ഉണ്ടാകണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. ചെറുപുഴ പഞ്ചായത്ത് പ്രസിഡൻഫ് കെ.എഫ്. അലക്സാണ്ടര്‍ സ്ഥലം സന്ദര്‍ശിച്ചു.