ലഹരി വിമുക്ത കണ്ണൂര്‍: അധ്യാപകര്‍ക്ക് പരിശീലനം നല്കി
1577452
Sunday, July 20, 2025 8:24 AM IST
കണ്ണൂർ: നശാമുക്ത് ഭാരത് അഭിയാന് ലഹരിമുക്ത കണ്ണൂര്‍ കാമ്പയിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, ജില്ലാ സാമൂഹ്യനീതി ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കും സൗഹൃദ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുമുള്ള ഏകദിന ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവി പി. നിതിന്‍ രാജ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്, എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ പി.കെ. സതീഷ് കുമാര്‍, ഹയര്‍ സെക്കൻഡറി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി. സ്വാതി, എന്‍എംബിഎ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. ബേബി ജോണ്‍ എന്നിവർ പ്രസംഗിച്ചു.
"മയക്കുമരുന്ന് ദുരുപയോഗവും കൗമാര അതിക്രമവും; നിയമങ്ങളും പ്രായോഗിക സമീപനവും' എന്ന വിഷയത്തില്‍ പാനല്‍ ലോയറും ജെസിഐ ട്രെയിനറുമായ കെ.എ പ്രദീപ്, "ലഹരി ഉപയോഗം; നേരത്തെയുള്ള തിരിച്ചറിയലും ശാസ്ത്രീയ ഇടപെടലും' എന്ന വിഷയത്തില്‍ ഡിഎംഎച്ച്പി സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ കെ.വി. നിഖിത വിനോദ് എന്നിവര്‍ ക്ലാസെടുത്തു.
"ഹയര്‍ സെക്കൻഡറി സ്കൂളുകളിലെ ലഹരി ഉപയോഗം തടയാനുള്ള കര്‍മ പരിപാടികള്‍' എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ കെ.എ. പ്രദീപ്, കെ.വി. നിഖിത വിനോദ്, വിമുക്തി മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം. സുജിത്ത്, സിജി ആന്‍ഡ് എസി സെല്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്.റീജ എന്നിവര്‍ പങ്കെടുത്തു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി. ബിജു മോഡിറേറ്ററായി.