സ്കൂളിന് സമീപത്തെ ട്രാൻസ്ഫോർമറും വൈദ്യുത ലൈനും മാറ്റി സ്ഥാപിക്കും
1577456
Sunday, July 20, 2025 8:24 AM IST
ഉളിക്കൽ: പരിക്കളം ശാരദ വിലാസം എയുപി സ്കൂളിന് സമീപം അപകടാവസ്ഥയിലായ ട്രാൻസ്ഫോർമറും ഹൈ ടെൻഷൻ വൈദ്യുത ലൈനും മാറ്റി സ്ഥാപിക്കുന്നതിന് കെഎസ്ഇബി ഉദ്യോഗസ്ഥർ തീരുമാനിച്ചു. പത്രവാർത്തയെ തുടർന്നാണ് നടപടി.
അസി. എക്സിക്യൂട്ടിവ് എൻജിനിയർ ലിജോ തോമസ്, അസി. എൻജിനിയർ പി.ഇ. ധനേഷ്, സബ് എൻജിനിയർ സന്തോഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് അപകടാവസ്ഥ ബോധ്യപ്പെട്ടതിനെ തുടർന്നായിരുന്നു തീരുമാനം.
സ്കൂൾ മുറ്റത്തേക്ക് ചരിഞ്ഞ് നിൽക്കുന്ന ഹൈടെൻഷൻ ലൈൻ അടുത്ത ദിവസം മാറ്റി സ്ഥാപിക്കും. സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളുമായി ചർച്ച ചെയ്ത് സ്ഥലം കണ്ടെത്തിയ ശേഷം എത്രയും പെട്ടന്ന് ട്രാൻസ്ഫോർമറും മാറ്റി സ്ഥാപിക്കുമെന്ന് ഉദ്യോഗസ്ഥ സംഘം അറിയിച്ചു.
എക്സിക്യൂട്ടീവ് എൻജിനിയറെ യൂത്ത് കോൺ. ഉപരോധിച്ചു
യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഉളിക്കൽ കെഎസ്ഇബി എക്സിക്യുട്ടീവ് എൻജിനിയറെ ഉപരോധിച്ചു. ശാരദവിലാസം സ്കൂൾ പരിസരത്തെ അപകടകരമായ രീതിയിലുള്ള ട്രാൻസ്ഫോർമറും തൂണും അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം.
ചൊവ്വാഴ്ചക്കുള്ളിൽ തൂണുകൾ മാറ്റി സ്ഥാപിക്കുമെന്ന് ഉറപ്പ് നൽകിയതോടെ ഒന്നരമണിക്കൂർ നീണ്ടുനിന്ന ഉപരോധം അവസാനിപ്പിച്ചു. യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡന്റ് പ്രിൻസ് പി. ജോർജ്, ജനറൽ സെക്രട്ടറി രഞ്ജി അറബി, സെക്രട്ടറിമാരായ അജിത് മുരളി, ആൽവിൻ ജോസഫ്, അക്ഷയ് തങ്കച്ചൻ, അലൻ ജോസഫ്, ലിഞ്ചോ ജോർജ് എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.