സ്വർണവും പണവും നിക്ഷേപമായി സ്വീകരിച്ച് വഞ്ചന: ജ്വല്ലറി ഉടമയ്ക്കെതിരേ കേസ്
1577458
Sunday, July 20, 2025 8:24 AM IST
കണ്ണൂർ: പണവും സ്വർണവും നിക്ഷേപമായി നൽകിയാൽ ബാങ്ക് നിരക്കിനേക്കാളും പലിശയും ലാഭവും നൽകുമെന്ന് വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചു വഞ്ചിച്ചെന്ന പരാതികളിൽ ജ്വല്ലറി ഉടമയ്ക്കെതിരേ കേസ്. വളപട്ടണം കീരിയാട് സ്വദേശിനി എൻ.വി. ഷാഹിന, ടോൾ ബൂത്ത് സ്വദേശിനി കെ.പി. രസ്ന എന്നിവരുടെ പരാതിയിൽ പാപ്പിനിശേരി ആയിഷ ഗോൾഡ് ഉടമ അഷ്റഫിനെതിരെയാണ് വളപട്ടണം പോലീസ് കേസെടുത്തത്.
ഒരുലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 900 രൂപ പലിശയും ഒരുപവൻ സ്വർണത്തിന് 100 രൂപ ഡിവിഡന്റും നൽകാമെന്നു പറഞ്ഞാണ് നിക്ഷേപം സ്വീകരിച്ചത്. എന്നാൽ പലിശയോ ഡിവിഡന്റോ നിക്ഷേപമോ തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്നാണ് പരാതികൾ.
2019 ജൂലൈ 27 മുതൽ പലതവണകളിലായി നാലുലക്ഷം രൂപയും 102.11 ഗ്രാം സ്വർണവും നിക്ഷേപമായി സ്വീകരിച്ച് വഞ്ചിച്ചതായാണ് ഷാഹിന നൽകിയ പരാതിയിൽ പറയുന്നത്. തന്റെ ഉമ്മയിൽ നിന്ന് 2014 നവംബർ 21 മുതൽ പലതവണകളായി മൂന്നു ലക്ഷം രൂപ നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചെന്നാണ് കെ.പി. രസ്ന നൽകിയ പരാതിയിൽ പറയുന്നത്.