കോഴി പൊല്ലാപ്പ് ഒടുവിൽ കോടതിയിൽ
1577460
Sunday, July 20, 2025 8:24 AM IST
പെരിങ്ങോം: ഒരു വർഷം മുന്‍പുള്ള വിഷുത്തലേന്ന് കോഴിയെ പിടിച്ചതിനെ തുടര്‍ന്നുണ്ടായ പൊല്ലാപ്പുകള്‍ കോടതി കയറുന്നു. തർക്കം അടിപിടിയിൽ കലാശിച്ചതിനെ തുടർന്നാണ് കേസ് കോടതിയിലെത്തിയത്. കഴിഞ്ഞ വിഷുവിന്റെ തലേദിവസമായ ഏപ്രില്‍ 13ന് രാവിലെയാണു പെരിങ്ങോം കരിമണല്പ്പാറയില് കേസിനാസ്പദമായ സംഭവം.
കോഴികളെ വളര്‍ത്തുന്ന അണ്ണാച്ചി ഹൗസില്‍ മുഹമ്മദ് റാഷിദിന്റെ കോഴികളെ തമിഴ്നാട് സ്വദേശിയും സമീപവാസിയുമായ ദുരൈ പിടിച്ചതിനെ തുടര്‍ന്നാണ് പ്രശ്നങ്ങളുണ്ടായത്.
കോഴിക്കൂട്ടില്‍നിന്ന് കോഴികളെ പിടിക്കുന്നത് കണ്ട ഉടമ തടയാന്‍ ശ്രമിച്ചപ്പോള്‍ തള്ളിത്താഴെയിട്ട് മേല്ച്ചുണ്ടുള്പ്പെടെയുള്ള കവിളിന്റെ ഭാഗവും മൂക്കിന്റെ വലതുഭാഗവും കടിച്ചുപറിച്ചുവെന്ന പരാതിയില്‍ ദുരൈക്കെതിരെ പെരിങ്ങോം പോലീസ് കേസെടുത്തു.
സംഭവത്തിന് ശേഷം ഇത്രയും നാൾ താൻ ചികിത്സിയിലായിരുന്നതിനാലാണു പരാതി നല്കാന് താമസിച്ചതെന്ന് ചൂണ്ടിക്കാണിച്ച് ജില്ലാ പോലീസ് മേധാവിക്ക് നല്കിയ പരാതിയെ തുടര്‍ന്നാണു കേസെടുത്തത്.
അതേസമയം കോഴിയെ പിടിച്ചതിനെ തുടര്‍ന്ന് കമ്പിവടികൊണ്ട് അടിച്ചു പരിക്കേല്പ്പിച്ചതായുള്ള ദുരൈയുടെ പരാതിയില്‍ പെരിങ്ങോം പോലീസ് നേരത്തെ മുഹമ്മദ് റാഷിദിനെതിരെ കേസെടുത്തിരുന്നു. വിലപറഞ്ഞുറപ്പിച്ച കോഴിയെ ആളില്ലാത്ത സമയത്ത് പിടിച്ചതിനെ തുടര്‍ന്ന് കമ്പിവടികൊണ്ട് അടിച്ചുവെന്ന പരാതിയിലാണു കേസെടുത്തത്.
ഇപ്പോള്‍ കോഴിയുടെ ഉടമയുടെ പരാതിയിലും കേസെടുത്തതോടെയാണ് കോഴിവിഷയം കോടതി കയറാന്‍ തുടങ്ങുന്നത്.