പട്ടുവം വില്ലേജ് ഓഫീസിന് സ്ഥലം ദാനം ചെയ്ത് കണ്ണൂര്‍ രൂപത
1577461
Sunday, July 20, 2025 8:24 AM IST
കണ്ണൂര്‍: പരിമിതികളിൽ വീര്‍പ്പുമുട്ടുന്ന പട്ടുവം വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍ ആവശ്യമായ സ്ഥലം ദാനംചെയ്ത് കണ്ണൂര്‍ രൂപത. പത്ത് സെന്റ് സ്ഥലമാണ് കണ്ണൂര്‍ രൂപത ദാനമായി നല്‍കിയത്. ഒന്നര സെന്റ് സ്ഥലത്തെ പഴയ കെട്ടിടത്തിലാണ് നിലവിൽ വില്ലേജ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. അതിനാല്‍ റിക്കോര്‍ഡുകള്‍ സൂക്ഷിക്കാന്‍പോലുമിടമില്ലാതെ ഞെരുങ്ങുകയായിരുന്നു ജീവനക്കാര്‍.
പരിമിതികള്‍ വിവിധ ആവശ്യങ്ങളുമായി വരുന്ന ജനങ്ങളേയും ബുദ്ധിമുട്ടിച്ചിരുന്നു. വില്ലേജ് ഓഫീസിന് വേറെ സ്ഥലം കിട്ടാത്ത അവസ്ഥ അന്നത്തെ വില്ലേജ് ഓഫീസര്‍ സി.റീജയാണ് കണ്ണൂര്‍ രൂപതയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. മുന്‍ ആര്‍ഡിഒ ഇ.പി. മേഴ്സിയും ഇക്കാര്യം രൂപത ബിഷപ് ഡോ.അലക്സ് വടക്കുംതലയുടെ മുന്നില്‍ അവതരിപ്പിച്ചതോടെ രൂപത അധികൃതര്‍ കൂടിച്ചേര്‍ന്ന് സ്ഥലം ദാനംചെയ്യാനുള്ള തീരുമാനമെടുക്കുകയായിരുന്നു.
ബിഷപ് ഡോ. അലക്സ് വടക്കുംതല സ്ഥലത്തില്ലാതിരുന്നിട്ടും തുടര്‍നടപടികള്‍ താമസിക്കാതിരിക്കാൻ കഴിഞ്ഞ ദിവസം തന്നെ കേരള ഗവര്‍ണറുടെ പേരില്‍ പത്ത് സെന്റ് സ്ഥലം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കണ്ണൂര്‍ ബിഷപ് ഹൗസില്‍ നടന്ന ചടങ്ങില്‍ സഹായ മെത്രാന് ഡോ. ഡെന്നിസ് കുറുപ്പശേരി കണ്ണൂര്‍ എഡിഎം കലാ ഭാസ്കറിന് ആധാരം കൈമാറി. ജനോപകാരപ്രദവും സേവനപരവുമായ ദൗത്യം ക്രൈസ്തവസഭ തുടരുന്നതിന്റെ ഭാഗമായാണ് വിലയേറിയ സ്ഥലമായിട്ടും രൂപത ഇത് സര്‍ക്കാരിന് ദാനമായി നല്‍കുന്നതെന്ന് ബിഷപ് പറഞ്ഞു.
വികാരി ജനറാൾ മോൺ. ക്ലാരന്‍സ് പാലിയത്ത് അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ പി. സജീവന്, മുന്‍ ആര്‍ഡിഒ ഇ.പി. മേഴ്സി, മുന്‍ പട്ടുവം വില്ലേജ് ഓഫീസറും ഡെപ്യൂട്ടി തഹസില്‍ദാറുമായ സി.റീജ, രൂപത പ്രൊക്കുറേറ്റര്‍ ഫാ. ജോര്‍ജ് പൈനാടത്ത്, ഫാ. വിപിന്‍ വില്ല്യം, ഫാ. സുദീപ് മുണ്ടയ്ക്കല്‍, പട്ടുവം വില്ലേജ് അസിസ്റ്റന്റ് പി.വി. വിനോദ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.