സുവർണ നേട്ടവുമായി സ്നോളി ലിറ്റോ
1577518
Monday, July 21, 2025 12:46 AM IST
ചന്ദനക്കാംപാറ: ചൈനയിലെ തായ്പെയിൽ നടന്ന ലോക മാസ്റ്റേഴ്സ് ഗെയിംസിൽ ഹാമർ ത്രോയിൽ സുവർണ നേട്ടവുമായി എറണാകുളം രാമമംഗലം സ്വദേശിനിയും ചന്ദനക്കാംപാറ ചെറുപുഷ്പ ഹൈസ്കൂളിലെ 2002 എസ്എസ്എൽസി ബാച്ച് വിദ്യാർഥിനിയുമായ സ്നോളി ലിറ്റോ. 35 മുതൽ 40 വരെ വയസ് പ്രായമുള്ളവരുടെ വിഭാഗത്തിലാണ് സ്നോളിക്ക് സ്വർണ മെഡൽ ലഭിച്ചത്.
സ്കൂൾ പഠനകാലത്ത് ഹാമർ ത്രോയിലും മറ്റ് വിവിധ സ്പോർട്സ് ഇനങ്ങളിലും മികച്ച വിജയങ്ങൾ സ്വന്തമാക്കിയിട്ടുള്ള കായിക താരമായിരുന്നു സ്നോളി. ചന്ദനക്കാംപാറ സ്വദേശനിയായ സ്നോളി വിവാഹത്തിന് ശേഷം ഭർത്താവ് ലിറ്റോ, മക്കളായ നഥാലിയ, ഏലിയാസ്, ചാക്കോ എന്നിവരോടൊപ്പം രാമമംഗലത്ത് സ്നോളി ഫിറ്റ്നെസ് എന്ന സ്ഥാപനം നടത്തിവരികയാണ്.
വനിതകൾക്കു ബോഡി ഫിറ്റ്നെസ്, യോഗ എന്നിവയിൽ പരിശീലനം നൽകി വരുന്ന സ്നോളിയുടെ കഠിനാധ്വാനവും നിശ്ചയദാർഢ്യവുമാണ് സ്വർണമെഡൽ നേട്ടത്തിന് വഴിയൊരുക്കിയത്. 2002 എസ്എസ്എൽസി ബാച്ചിലെ സഹപാഠികൾ ചേർന്ന് സ്നോളി ലിറ്റോയെ പൊന്നാടയണിയിച്ച് മെമന്റോയും കാഷ് അവാർഡും നൽകി ആദരിച്ചു.