അമൃത് പദ്ധതി നടപ്പാക്കാത്ത നഗരസഭയ്ക്ക് കാര്യക്ഷമതയില്ല: കേരളാ കോൺഗ്രസ്-എം
1577520
Monday, July 21, 2025 12:46 AM IST
പയ്യാവൂർ: ശ്രീകണ്ഠപുരം നഗരസഭയുടെ സമീപ പഞ്ചായത്തുകളിലെല്ലാം ജൽജീവൻ മിഷൻ മുഖേന മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കാനുളള പദ്ധതി സാധ്യമാക്കിയിട്ടും ശ്രീകണ്ഠപുരം നഗരസഭാപരിധിയിൽ നടപ്പാക്കാത്തത് നഗരസഭാ ഭരണസമിതിക്ക് കാര്യക്ഷമത ഇല്ലാത്തതിനാലാണെന്ന് കേരള കോൺഗ്രസ്-എം.
മുൻകാലങ്ങളിൽ മലയോര മേഖലകളിൽ മാത്രം അതിരൂക്ഷമായി അനുഭവപ്പെട്ടിട്ടുള്ള ജലക്ഷാമം ഇനിയുള്ള വേനലുകളിൽ സകല മേഖലകളെയും ബാധിക്കുമെന്ന ഭീതിയിലാണ് ജനങ്ങൾ. ജലസേചന വകുപ്പ് അമൃത് പദ്ധതി പ്രകാരം ഒട്ടുമിക്ക നഗരസഭകളിലും ശുദ്ധജലവിതരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചപ്പോൾ ശ്രീകണ്ഠപുരം നഗരസഭ യാതൊന്നും നടപ്പാക്കിയില്ല.
അമൃത് പദ്ധതി മുഖേന കേരളത്തിൽ വാട്ടർ അഥോറിറ്റിയെ ചുമതലപ്പെടുത്തി നിരവധി പദ്ധതികളാണ് നടപ്പാക്കിവരുന്നത്. ശ്രീകണ്ഠപുരത്ത് ഈവർഷം തന്നെ അമൃത് പദ്ധതി നടപ്പാക്കാൻ സാധിക്കാത്തത് നഗരസഭാ ഭരണസമിതിക്ക് ദീർഘവീക്ഷണമോ, കാര്യക്ഷമതയോ ഇല്ലാത്തതിനാലാണെന്നാണ് കേരളാ കോൺഗ്രസ്-എം മനസലാക്കുന്നത്.
ചെമ്പന്തൊട്ടിയിലെ ഓഫീസിൽ ചേർന്ന യോഗം പാർട്ടി ഉന്നതാധികാര സമിതിയംഗം ജോയിസ് പുത്തൻപുര ഉദ്ഘാടനം ചെയ്തു. ജോയി കൊന്നയ്ക്കൽ അധ്യക്ഷത വഹിച്ചു. സജി കുറ്റ്യാനിമറ്റം മുഖ്യപ്രഭാഷണം നടത്തി. കെ.ടി. സുരേഷ് കുമാർ, ബിനു ഇലവുങ്കൽ, സണ്ണി മുക്കുഴി, ഷാജി കുര്യൻ, ജോർജ് മേലേട്ട്, ഷാജി കുറ്റ്യാത്ത്, കെ.ജെ.ജോയി, ബാബു തയ്യിൽ, ജോണി ഉറുമ്പുകാട്ടിൽ, ക്ലീറ്റസ് അറയ്ക്കപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.