നായ ശല്യം: കളക്ടർ ഇടപെടാത്തതിൽ പ്രതിഷേധം
1577521
Monday, July 21, 2025 12:46 AM IST
കരുവഞ്ചാൽ: നടുവിൽ പഞ്ചായത്തിലെ കരുവഞ്ചാൽ ടൗണിന് സമീപം സ്വകാര്യ വ്യക്തി ലൈസൻസോ, കൂടോ, രോഗപ്രതിരോധത്തിനുള്ള കുത്തിവയ്പുകളോ നൽകാതെ നിയമ വിരുദ്ധമായി പത്തിലധികം നായകളെ വളർത്തുന്നത് പ്രദേശത്തെ ജനങ്ങളുടെ സ്വൈരജീവിതത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ആക്ഷേപം. മാർക്കറ്റിൽ നിന്നും മത്സ്യ മാംസ അവശിഷ്ടം നായകൾക്ക് എത്തിച്ചു കൊടുക്കുകയും അതുകഴിച്ച ശേഷം നായകൾ കരുവഞ്ചാൽ ടൗണിലും സമീപപ്രദേശങ്ങളിലെ വീടുകളിലും എത്തുകയും ചെരുപ്പ്, വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ നശിപ്പിക്കുകയും എടുത്തുകൊണ്ട് പോകുകയുമാണ്.
മലയോര ഹൈവേയിലൂടെ പോകുന്ന ബൈക്ക്, സ്കൂട്ടർ യാത്രക്കാർക്ക് ഒപ്പം ഓടി കാലിൽ കടിക്കാൻ ശ്രമിക്കുന്നതിൽ നിരവധി പേർ വീണ് പരിക്കേൽക്കുകയും ചെയ്തു. റോഡിലൂടെ പോകുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവരെ നിരന്തരം ഓടിക്കുന്ന നായകൾ പ്രദേശത്ത് ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്. ഇക്കാര്യത്തിൽ ബിനോയ് തോമസ്, ജോർജ് വെളുത്തേടത്തുകാട്ടിൽ എന്നിവർ നടുവിൽ പഞ്ചായത്ത് സെക്രട്ടറിക്കും, നിയമവിരുദ്ധമായി നായകളെ വളർത്തുന്ന സ്വകാര്യ വ്യക്തിക്കെതിരെ കേസെടുക്കാൻ ആലക്കോട് പോലീസിനും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് ജില്ലാ കളക്ടർക്ക് പരാതി കൊടുത്ത് 50 ദിവസം കഴിഞ്ഞിട്ടും കളക്ടറുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടായില്ല. ഇതിനിടയിൽ ഒരുനായ കൂട്ടത്തിൽ നിന്നുമാറി ബിനോയ് തോമസിന്റെ വീട്ടുമുറ്റത്ത് താമസമാണ്. വീട്ടിലേക്ക് ആളുകളെ കയറാൻ സമ്മതിക്കാതെ ഈ നായ ഭീഷണി ഉയർത്തുകയാണ്.
നായ ശല്യത്തിന് പരിഹാരം തേടി തളിപ്പറമ്പ് താലൂക്ക് ലീഗൽ സർവീസസ് അഥോറിറ്റി ചെയർമാനായ ജില്ലാ ജഡ്ജിക്ക് പരാതി കൊടുത്ത് പരിഹാരത്തിനായി കാത്തിരിക്കുകയാണ് പ്രദേശവാസികൾ. അടുത്തകാലത്ത് അഞ്ചു നായകൾ പ്രസവിച്ചതിൽ ഉണ്ടായ ഇരുപതിലധികം നായകൾകൂടി വളർന്നു വരുമ്പോൾ എന്തു ചെയ്യുമെന്നറിയാതെ ഭീതിയിലാണ് പ്രദേശവാസികൾ. അപകടം ഉണ്ടാകുന്നതിന് മുന്പ് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ ബിനോയ് തോമസ് ആവശ്യപ്പെട്ടു. ജൂലൈ 31 നകം പരിഹാരമുണ്ടായില്ലെങ്കിൽ കളക്ടറുടെ ചേംബറിനു മുൻപിൽ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.