പൊട്ടിപ്പൊളിഞ്ഞ് പെരുമ്പടവ്-കല്യാണപുരം റോഡ്
1577522
Monday, July 21, 2025 12:46 AM IST
പെരുമ്പടവ്: കാൽനട യാത്രപോലും അസാധ്യമായി പെരുമ്പടവ്-കല്യാണപുരം റോഡ്. വാർഡിൽ ആദ്യം ചപ്പാരപ്പടവ് പഞ്ചായത്ത് ഏറ്റെടുത്തതും ആദ്യം ടാറിംഗ് നടത്തിയ റോഡുമാണിത്. പിന്നീട് പലതവണ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും കുറെ വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ ടാറിംഗ് പല സ്ഥലത്തും കാണാൻ പോലും ഇല്ല. റോഡിലൂടെ ഭാരവാഹനങ്ങൾ ഓടുമ്പോൾ കല്ല് തെറിക്കുന്നത് സമീപത്തെ വീടുകളിലേക്കും കാൽനടയാത്രക്കാരുടെ ദേഹത്തേക്കും ആണ്.
റോഡിന് ഫണ്ട് അനുവദിച്ചതായും പിഎംആർജിവൈ പദ്ധതിയിൽ ഉൾപ്പെടുത്തിയതായും, കോൺഗ്രസുകാരും എംഎൽഎ ഫണ്ട് അനുവദിച്ചതായി സിപിഎമ്മുകാരും പറയുന്നുണ്ടെങ്കിലും റോഡിൽ യാത്ര ഇപ്പോഴും ദുരിതക്കയത്തിൽ തന്നെയാണ്. കെജി മുതൽ ഹയർ സെക്കൻഡറി വരെയയുള്ള പെരുമ്പടവ് സ്കൂളുകളിലേക്കും, കരിപ്പാൽ, പെരുമ്പടവ് ഓക്സ്ഫോർഡ്, വെള്ളോറ, ഏര്യം, കാര്യപ്പള്ളി സ്കൂളുകളിലെ ബസുകൾ ഉൾപ്പെടെ ഈ റോഡിലൂടെ സർവീസ് നടത്തുന്നുണ്ട്.
പെരുമ്പടവിൽ നിന്ന് മേരിഗിരി-ആലക്കോട് ഭാഗത്തേക്കുള്ള എളുപ്പവഴി കൂടിയാണ് ഈ റോഡ്. അതിനാൽ ചെറുതും വലുതുമായ നിരവധി വാഹനങ്ങൾ ഇതുവഴി ദിവസവും കടന്നുപോകുന്നുണ്ട്. മുന്പ് ഈ റോഡ് പൊതുമരാമത്ത് വകുപ്പിന്റെ വൺ ടൈം സെറ്റിൽമെന്റ് പദ്ധതിയിൽപ്പെടുത്തി അഭിവൃദ്ധിപ്പെടുത്താനുള്ള തയാറെടുപ്പുകൾ നടന്നതാണ്.
എന്നാൽ, റോഡിനോട് ചേർന്നുകിടക്കുന്ന പെരുമ്പടവ് കോലാർതൊട്ടി റോഡ് എരമം-കുറ്റൂർ പഞ്ചായത്തിൽ ആയതിനാലും പഞ്ചായത്ത് സമയബന്ധിതമായി ആവശ്യമായ നടപടികൾ സ്വീകരിക്കാത്തതിനാലും പദ്ധതി നടപ്പിലായില്ല. ഏറ്റവും കാലപ്പഴക്കം ചെന്ന റോഡ് ആയിട്ടും ഇവിടെ സുഖമമായ യാത്ര ചെയ്യാൻ സാധിക്കാത്തതിനാൽ നാട്ടുകാർ രോഷാകുലരാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇതിനുള്ള മറുപടി നൽകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.