ആറളം പുനരധിവാസ മേഖലയിൽ കാട്ടാന കൃഷി നശിപ്പിച്ചു
1577524
Monday, July 21, 2025 12:46 AM IST
ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ ബ്ലോക്ക് 10ൽ കാട്ടാന ഇറങ്ങി തെങ്ങ്, റബർ ഉൾപ്പെടെ കൃഷികൾ നശിപ്പിച്ചു. ഇന്നലെ പുലർച്ചെ ഒന്നിനു ശേഷമാണ് കല്ലേരി കൊമ്പൻ എന്ന കാട്ടാനയും മറ്റൊരാനയും ചേർന്ന് കൃഷി നശിപ്പിച്ചത്.
ബ്ലോക്ക് 10ലെ സുജ മോഹനൻ, കരുണാകരൻ എന്നിവരുടെ തെങ്ങുകൾ ആന ചട്ടി മറിച്ചിട്ടു. കായ്ഫലമുള്ള തെങ്ങാണ് ആന നശിപ്പിച്ചത്.
നാളികേരത്തിന് നല്ല വില ലഭിക്കുമ്പോഴാണ് ആനകൾ എത്തി വ്യാപകമായി കൃഷി നശിപ്പിക്കുന്നത്. വിധവയായ സുജ തനിച്ചു താമസിക്കുന്ന വീടിന് സമീപം വരെ ആന എത്തിയിരുന്നു. ആന എത്തിയ വിവരം അറിയിച്ചിട്ടും അധികൃതർ എത്താൻ വൈകി എന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഇവിടെ എത്തിയ കൊട്ടിയൂർ റേഞ്ചിലെ രണ്ട് ഉദ്യോഗസ്ഥർ രണ്ടു പടക്കം മാത്രം പൊട്ടിച്ച ശേഷം തിരികെ പോയെന്നും അതിന് ശേഷം വീണ്ടും ഇറങ്ങിയ ആന ആണ് കൃഷികൾ നശിപ്പിച്ചതെന്നും പ്രദേശവാസികൾ പറയുന്നു. വനപാലകർ ആനയെ ഓടിക്കാതെ തിരികെ പോയെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. വീണ്ടും ഇത് തുടർന്നാൽ അധികൃതരെ തടഞ്ഞുവയ്ക്കുമെന്നും പ്രദേശവാസികൾ പറയുന്നു.
ബ്ലോക്ക് 13ൽ ഗോപാലന്റെ ഭൂമിയിലെ 100 ഓളം തെങ്ങുകൾ ഇതുവരെ കാട്ടാനകൾ നശിപ്പിച്ചു കഴിഞ്ഞു. ആനകൾ തെങ്ങുകൾ നശിപ്പിച്ചതോടെ ഗോപാലന്റെ പറമ്പ് തരിശുഭൂമി ആയിരിക്കുകയാണ്. ആദിവാസികൾക്ക് ലഭിച്ച ഭൂമിയിലെ കൃഷികൾ ആനയുടെ ആക്രമണത്തിൽ നശിച്ചിരിക്കുകയാണ്. കശുമാവിന്റെയും റബറിന്റെയും തൊലി ഉൾപ്പെടെ ആന പൊളിച്ചു ഭക്ഷിക്കുകയാണ്.
ജീവൻ പോലെത്തന്നെ കർഷകരുടെ ജീവിതോപാധിയും ഇവിടെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആന കൃഷി നശിപ്പിച്ചതോടെ തൊഴിലാളികൾക്ക് കൂലി കൊടുക്കാൻ പോലും കഴിയാത്ത ആറളം ഫാമിന്റെ അവസ്ഥ പോലെയാണ് പുനരധിവാസ മേഖലയിലെ താമസക്കാരുടെ സാഹചര്യം. ചക്ക, മാങ്ങ, കശുവണ്ടി, തേങ്ങ, അടയ്ക്ക തുടങ്ങി ഒരു വിഭവങ്ങളും ഇവർക്ക് ശേഖരിക്കാൻ കഴിയുന്നില്ല. പാകമാകുന്നതിന് മുന്പുതന്നെ വന്യമൃഗങ്ങൾ എത്തി നശിപ്പിക്കുകയാണ്.