കടയ്ക്കുമുന്നിൽ ട്രാസ്ഫോർമാർ സ്ഥാപിക്കുന്നതിനെതിരേ പ്രതിഷേധം; കടയുടമയെ പോലീസ് കസ്റ്റഡിയിലെടുത്തു
1577526
Monday, July 21, 2025 12:46 AM IST
ഇരിട്ടി: ഇരിട്ടിയിൽ കടയ്ക്കു മുന്നിൽ ട്രാസ്ഫോർമർ സ്ഥാപിക്കുന്നതിനെതിരേ പ്രതിഷേധിച്ച കടയുടമയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇരിട്ടി മേലേ സ്റ്റാൻഡിനു സമീപം തന്റെ ബുക്ക് ഷോപ്പിന് മുൻ വശം കെഎസ്ഇബി ട്രാസ്ഫോർമർ സ്ഥാപിക്കുന്നതിനെതിരേ ശ്രീ ഏജൻസീസ് ഉടമ രാജുവാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ട്രാൻസ്ഫോർമർ സ്ഥാപിക്കൽ പ്രവർത്തി തടസപ്പെടുത്താൻ ശ്രമിച്ച രാജു ഇതിനായി കുഴിച്ച കുഴിയിലെ ചെളിയിൽ ഇരുന്നായിരുന്നു പ്രതിഷേധിച്ചത്. ഇതിനിടയിൽ ട്രാസ്ഫോർമാർ സ്ഥാപിക്കാനായി സ്ഥാപിച്ച തൂണുകൾക്കു മുകളിൽ തൊഴിലെടുക്കുകയായിരുന്ന തൊഴിലാളികളെ തൂണുമായി ബന്ധിച്ച കയർ അപകടം വരുത്തും വിധം ഇയാൾ പിടിച്ചുവലിച്ചത് പ്രശ്നങ്ങൾക്കിടയാക്കി.
കെഎസ്ഇബി അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് എത്തിയ ഇരിട്ടി പോലീസാണ് ഇയാളെ കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലേക്ക് മാറ്റിയത്. ഇരിട്ടി നഗരസഭയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും അനുമതിയോടെയാണ് ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതെന്ന് കെഎസ്ഇബി ജീവനക്കാർ പറഞ്ഞു.