‘സുന്ദരി’ ഇരിട്ടി പെരുംപറമ്പ് ഇക്കോ പാര്‍ക്ക്
1577527
Monday, July 21, 2025 12:47 AM IST
ഇരിട്ടി: സഞ്ചാരികള്‍ക്ക് നവ്യാനുഭവം പകരുന്ന കാഴ്ചകളൊരുക്കി പായം പഞ്ചായത്തിലെ ഇരിട്ടി പെരുംപറമ്പ് ഇക്കോപാര്‍ക്ക്. ഇരിട്ടി-തളിപ്പറമ്പ് റോഡിൽ പെരുംപറമ്പിൽ നിന്ന് 500 മീറ്റർ മാറി പഴിശി ജലാശയത്തോട് ചേർന്നാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. പ്രകൃതിയുടെ ശാലീനതയും പുഴയുടെ ദൃശ്യ ഭംഗിയും മരത്തണലുകളും വിരുന്നൊരുക്കുന്ന കൊച്ചു തുരുത്തെന്നു തന്നെ പറയാം ഈ പാർക്കിനെ.
മുഖമിനുക്കി എത്തുന്ന പാർക്കിൽ കുട്ടികൾക്കായി കൗതുകങ്ങളായ നിരവധി സംവിധാനങ്ങളുണ്ട്. വിവിധ മൃഗങ്ങളുടെ രൂപങ്ങൾ, പുല്‍ത്തകിടികള്‍, വാച്ച് ടവര്‍, ആംഫി തിയറ്റര്‍, വാക്വേ, ഇരിപ്പിടങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളോടെയാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയിലൂടെയാണ് പഴശി ജലസേചന പദ്ധതിയുടെ ഭാഗമായ പെരുംപറമ്പ് പുഴയോരത്ത് നാലര ഏക്കര്‍ ഭൂമിയില്‍ ഇക്കോ പാര്‍ക്ക് സജ്ജമാക്കിയിരിക്കുന്നത്.
വിനോദസഞ്ചാര വകുപ്പിന്റെ 50 ലക്ഷം രൂപയും പായം പഞ്ചായത്തിന്റെ 40 ലക്ഷം രൂപയും ഉപയോഗിച്ച് നിലവിലുണ്ടായിരു ന്ന പാര്‍ക്ക് ആധുനിക രീതിയില്‍ നവീകരിക്കുകയായിരുന്നു. പഴശി ജലസംഭരണ പ്രദേശത്തിന്റെ ഭംഗി ആസ്വദിക്കാന്‍ നിരവധിയാളുകള്‍ കുടുംബസമേതം ഇവിടെ എത്തുന്നു.
ഇരിട്ടി പുഴയുടെ തീരത്ത് നിര്‍മിച്ച ഈ കേന്ദ്രം പൂര്‍ണമായും പ്രകൃതി സൗഹാദപരമായ രീതിയിലാ ണ് സജ്ജമാക്കിയിട്ടുള്ളത്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഗ്രാമഹരിത സമിതിക്കാണ് പാര്‍ക്കിന്റെ നടത്തിപ്പ് ചുമതല. കുട്ടികള്‍ക്ക് 20 രൂപയും മുതിര്‍ന്നവര്‍ക്ക് 35 രൂപയുമാണ് പ്രവേശന ഫീസ്.
പാര്‍ക്കില്‍ ഗ്രാമ ഹരിത സമിതിയുടെ ടീ ഷോപ്പും പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കുറഞ്ഞത് ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും വേണമെന്ന ലക്ഷ്യത്തോടെ യാണ് ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതി നടപ്പിലാക്കുന്നത്.