ദുരന്ത ഭീതിയിൽ കാർത്തികപുരം ഗവ. വിഎച്ച്എസ്എസ്
1577534
Monday, July 21, 2025 12:47 AM IST
ആലക്കോട്: കണ്ടാലും കൊണ്ടാലും അധികൃതർ പഠിക്കില്ലെന്ന് വ്യക്തം. ആലക്കോട് കാർത്തികപുരം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അവസ്ഥ കണ്ടാൽ ആർക്കും ഇക്കാര്യം വ്യക്തമാകും. 2024 ജൂണിൽ രാത്രിയിലുണ്ടായ കനത്ത മഴയിൽ ഇടിഞ്ഞതാണ് സ്കൂളിന്റെ മുറ്റം. നിലവിൽ കെട്ടിടം തന്നെ അപകടാവസ്ഥയിലാണ്.
കൊല്ലത്ത് മിഥുൻ എന്ന എട്ടാം ക്ലാസുകാരൻ സ്കൂളിൽനിന്ന് ഷോക്കേറ്റു മരിച്ച സംഭവത്തിൽ കേരളം തേങ്ങുമ്പോൾ ഇവിടെ പഠിക്കുന്ന വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയും ഇരട്ടിക്കു കയാണ്. നിരവധി കാൽനടയാത്രികരും വാഹനങ്ങളും സഞ്ചരിക്കുന്ന റോഡിൽ തന്നെയാണ് ഇപ്പോഴും മുറ്റത്തിന്റെ കെട്ടുപൊട്ടിയ കല്ലുകളും മറ്റും കിടക്കുന്നത്.
വർഷം ഒന്നു കഴിഞ്ഞിട്ടും അധികൃതർ തിരിഞ്ഞ് നോക്കാതെ വന്നതോടെ ഈ മഴക്കാലത്ത് സ്കൂൾ കെട്ടിടം തന്നെ അപകട ഭീഷണിയിലാണ്. മാധ്യമങ്ങൾ പലതവണ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടും രക്ഷിതാക്കളും നാട്ടുകാരും പിടിഎയും നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതർക്ക് ഒരു കുലുക്കവുമില്ല.
ആലക്കോട് കാർത്തികപുരം ഗവ. വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നൂറുകണക്കിന് കുട്ടികളുടെയും അധ്യാപകരുടെയും അവസ്ഥ ഏറെ ഭീതിപ്പെടുത്തുന്നതാണ്. കഴിഞ്ഞ വർഷം എട്ടു മീറ്റർ ഉയരമുള്ള സംരക്ഷണ ഭിത്തിയുടെ 40 മീറ്റർ നീളത്തിലായിരുന്നു തകർന്നു വീണത്.
ഈ വർഷം മഴ ആരംഭി ച്ചപ്പോൾ കെട്ടിന്റെ ബാക്കി ഭാഗവും തകർന്ന് ഏതു നിമിഷവും വീഴാവുന്ന നിലയിലാണ്. കെട്ടിടം അപകടാവസ്ഥയിലായതോടെ കുട്ടികൾ ഓടിക്കളിക്കേണ്ട വിസ്തൃതമായ സ്കൂൾ മുറ്റം ഇന്ന് ആരും പ്രവേശിക്കാതെ തടഞ്ഞിരിക്കുകയാണ്.
വെള്ളമിറങ്ങി സ്കൂൾ മുറ്റമിടിഞ്ഞ് കെട്ടിടം അപകട ഭീഷണിയിലാകുമെന്ന് മനസിലായതോടെ സ്കൂൾ അധികാരികൾ മുറ്റം മുഴുവൻ സുരക്ഷ യുടെ പേരിൽ പ്ലാസ്റ്റിക്ക് ഉപയോഗിച്ച് സുരക്ഷാ സിഗ്നൽ സ്ഥാപിച്ചിരിക്കുകയാണ്. കുട്ടികൾ പ്രവേശിക്കാതിരിക്കാൻ പ്ലാസ്റ്റിക് ചരടും കെട്ടിവച്ചിട്ടുണ്ട്.
സ്കൂൾ പിടിഎയുടെ ഇടപെടലിനെ തുടർന്ന് പുനർനിർമാണത്തിനായി 90 ലക്ഷം അനുവദിച്ചു എന്നു പറയുന്നുണ്ടെങ്കിലും നാളിതുവരെയായിട്ടും നിർമാണ പ്രവൃത്തികൾ തുടങ്ങിയിട്ടില്ല. ഇനിയും ഒരു ദുരന്തത്തിന് കാത്തുനില്ക്കണോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.