കോടികൾ മുടക്കി നിർമിച്ച ആറളം മോഡൽ റസിഡൻഷ്യൽ സ്കൂളിന് പൂട്ട് വീഴുമോ ?
1577535
Monday, July 21, 2025 12:47 AM IST
ഇരിട്ടി: ആറളത്തേയും സമീപ പ്രദേശങ്ങളിലേയും ആദിവാസി കുട്ടികളുടെ ഉന്നമനത്തിനായി 2021 നിർമാണം പൂർത്തിയാക്കിയ ആറളം മോഡൽ റസിഡൻഷ്യൽ സ്കൂൾ ഇനിയും യാഥാർഥ്യമായില്ല. എന്നാൽ സ്കൂളിന് പകരക്കാരന്റെ വേഷം നല്കി അധികൃതരുടെ കണ്ണിൽ പൊടിയിടൽ. വർഷങ്ങളായി കാടുമൂടിക്കിടന്ന എംആർഎസ് സ്കൂൾ കെട്ടിടത്തിൽ ഇനി തിരുനെല്ലി എംആർ സ്കൂൾ താത്കാലികമായി (ആശ്രമം സ്കൂൾ ) പ്രവർത്തിക്കും.
തിരുനെല്ലി എംആർഎസിന്റെ കെട്ടിടം പുതുക്കി പണിയുന്നതിന്റെ ഭാഗമായാണ് സ്കൂളിന്റെ പ്രവർ ത്തനം ആറളത്തേക്ക് മാറ്റുന്നത്. ഇതിനായി കാടുപിടിച്ചു കിടന്ന ആറളം എംആർഎസിന്റെ കാമ്പസ് വെട്ടിത്തെളിക്കലും കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളും ആരംഭിച്ചു. ഓണത്തിന് മുന്പായി പകരം സ്കൂൾ ഇവിടെപ്രവർത്തനം ആരംഭിക്കുമെന്നാണ് സൂചന. ഇതോടെ ആശ്രമം സ്കൂളിലെ കുട്ടികൾക്ക് മെച്ചപ്പെട്ട സംവിധാനത്തിൽ പഠിക്കാൻ കഴിയുമെന്നതാണ് നേട്ടം.
അടുത്ത ദിവസം തന്നെ മന്ത്രി ഉൾപ്പെടെ ഇവിടം സന്ദർശിച്ചേക്കും. എന്നാൽ ആറളം നിവാസികളുടെ എംആർഎസ് സ്കൂൾ എന്ന സ്വപ്നം എപ്പോൾ പൂർത്തിയാകും എന്നത് ഇപ്പോഴും അവ്യക്തം.
ആറളം എംആർഎസ്
പട്ടികജാതി വകുപ്പിനു കീഴിൽ ആറളത്തെ എംആർഎസ് സ്കൂൾ കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തി ആരംഭിക്കുന്നത് 2018 നവംബറിലാണ്. കിഫ്ഐബി ഫണ്ടിൽനിന്നും 17,39,23,518 രൂപ ചെലവിൽ 2021 സെപ്റ്റംബറിൽ കെട്ടിട നിർമാണവും പൂർത്തിയായി. 93,967 ചതുരശ്ര അടി വലിപ്പത്തിലുള്ള ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടമാണ് ഒരുക്കിയത് .
കൂടാതെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ഹോസ്റ്റൽ സൗകര്യം, സ്റ്റാഫ് ക്വാർട്ടേഴ്സ്, കാന്റീൻ, വാഹന പാർക്കിംഗ്, കളിക്കളം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിരുന്നു. എന്നാൽ പ്രവൃത്തി പൂർത്തിയായി നാലു വർഷം കഴിഞ്ഞിട്ടും തുറന്നു കൊടുക്കാതെ വന്നതോടെ കെട്ടിടവും അനുബന്ധ സൗകര്യങ്ങളൂം കാടുകയറി നശിക്കുകയായിരുന്നു.
2024 അധ്യയന വർഷത്തിൽ ആറളം എംആർഎസ് പ്രവർത്തനം തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കിയിരുന്നെങ്കിലും കോടികളുടെ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും കാട്ടാനകൾക്കും വന്യമൃഗങ്ങൾക്കും താവളമാകാൻ ഭാരണാധികാരികൾ സൗകര്യം ഒരുക്കുകയായിരുന്നു. നിരവധി തവണ കാട്ടാനകൾ സ്കൂളിന്റെ മതിൽക്കെട്ട് തകർത്ത സംഭവം ഉണ്ടായിട്ടുണ്ട്.
തിരുനെല്ലി എംആർഎസ്
(ആശ്രമം സ്കൂൾ )
കെട്ടിടം പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായാണ് തിരുനെല്ലി എംആർഎസിലെ (ആശ്രമം സ്കൂൾ ) . ഒന്നുമുതൽ 10 വരെ ക്ലാസുകളിലെ 261 വിദ്യാർഥികൾ ആറളത്തേക്ക് എത്തുന്നത്. കൂടെ 55 ജീവനക്കാരും ഉണ്ട്. തിരുനെല്ലി സ്കൂളിൽ ഉപയോഗിച്ചിരുന്ന ഫർണിച്ചർ ഉൾപ്പെടെ ആറളത്ത് എത്തിക്കും.
ഗ്യാസ് പൈപ്പിംഗ് ജോലികൾ മാത്രമാണ് ഇവിടെ പൂർത്തിയാക്കാനുള്ളത്. സ്കൂളിലേക്ക് എത്താനുള്ള പ്രധാന വഴി ടാറിംഗ് നടത്തുന്നതിന് പഞ്ചായത്തും തുക വകയിരുത്തിയിട്ടുണ്ട്. ഇതോടെ വർഷങ്ങ ളായി പ്രവർത്തന രഹിതമായിക്കിടന്ന ആറളം എംആർഎസ് തിരുനെല്ലി സ്കൂളായി മാറും. എന്നാൽ ആറളം എംആർഎസിന് പൂട്ട് വീഴുമോ എന്നത് കണ്ടുതന്നെ അറിയണം.