ക​ണ്ണീ​ർക്കയത്തിൽ രയറോം
Monday, June 21, 2021 12:54 AM IST
തേ​ർ​ത്ത​ല്ലി: കു​ളി​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് യു​വാ​ക്ക​ൾ​ക്കു​ണ്ടാ​യ ദു​ര​ന്തം മ​ല​യോ​ര​ത്തെ ക​ണ്ണീ​രി​ലാ​ഴ്ത്തി. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ആ​റം​ഗ സം​ഘ​ത്തോ​ടൊ​പ്പം പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ജോ​ഫി​നെ​യും അ​ക്ഷ​യിനേ​യും ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു കാ​ണാ​താ​യ​ത്. പെ​ട്ടെ​ന്നു​ണ്ടാ​യ മ​ഴ​യി​ൽ പു​ഴ​യി​ൽ വെ​ള്ളം ഉ​യ​ർ​ന്ന​പ്പോ​ൾ മ​റ്റു നാ​ലു​പേ​ർ ക​ര​യ്ക്കു ക​യ​റി​യി​രു​ന്നു. ഒ​ഴു​ക്കി​ൽ​പ്പെ​ട്ട അ​ക്ഷ​യിനെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ലാ​ണ് ജോ​ഫി​നും അപകടത്തിൽപ്പെ​ട്ട​ത്.
ജോ​ഫി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​വി​ലെ അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യും ആ​ല​ക്കോ​ട് പോ​ലീ​സും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ത​ളി​പ്പ​റ​മ്പ്, പെ​രി​ങ്ങോം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യും തൃ​ക്ക​രി​പ്പൂ​രി​ൽ​നി​ന്നു​ള്ള മു​ങ്ങ​ൽ വി​ദ​ഗ്ധ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് വൈ​കു​ന്നേ​രം ആ​റു​വ​രെ അ​ക്ഷ​യിനായി തെ​ര​ച്ചി​ൽ തു​ട​ർ​ന്നെ​ങ്കി​ലും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് നി​ർ​ത്തു​ക​യാ​യി​രു​ന്നു. സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം "സ്കൂ​ബ ഡൈ​വിം​ഗ് ' സം​ഘം തെ​ര​ച്ചി​ലി​നാ​യി എ​ത്തി​യി​ട്ടു​ണ്ട്. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കു​ന്ന​തി​ന് നാ​വി​ക​സേ​ന​യു​ടെ സ​ഹാ​യ​വും അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്. പു​ഴ​യു​ടെ ഇ​രു​വ​ശ​ത്തും നൂ​റു​ക​ണ​ക്കി​ന് ജ​ന​ങ്ങ​ളാ​ണ് ത​ടി​ച്ചു​കൂ​ടി​യ​ത്.
ദു​ര​ന്ത​വാ​ർ​ത്ത​യ​റി​ഞ്ഞ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ര​ക്ഷ​ാപ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. മ​രി​ച്ച ജോ​ഫി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച് ബ​ന്ധു​ക്ക​ളെ ആ​ശ്വ​സി​പ്പി​ച്ച എം​എ​ൽ​എ കാണാതായ അ​ക്ഷ​യിന്‍റെ മാ​താ​പി​താ​ക്ക​ളെ​യും ആ​ശ്വ​സി​പ്പി​ച്ചു.