തൃക്കരിപ്പൂര്‍: പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി പെരിയ കാര്‍ഷിക സേവന കേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെ കൃഷിയിടങ്ങളില്‍ ജൈവവള നിര്‍മാണത്തിന് തുടക്കമായി. തൃക്കരിപ്പൂര്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ എടാട്ടുമ്മല്‍, മൈത്താണി എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി തുടങ്ങിയത്.
ചകിരിച്ചോറ് കമ്പോസ്റ്റ്, ജീവാമൃതം, ഫിഷ് അമിനോ ആസിഡ്, എഗ് അമിനോ ആസിഡ്, നിമാസ്ത്രം എന്നിവയുടെ നിര്മാണരീതികളില് കര്‍ഷകര്‍ക്ക് പരിശീലനം നല്കി. ചകിരിച്ചോര്‍, വേപ്പിന്‍പിണ്ണാക്ക്, റോക്ക് ഫോസ്ഫേറ്റ്, പച്ചച്ചാണകം, വാരണാസി ഓര്‍ഗാനിക് കമ്പോസ്റ്റര്‍ എന്നിവ അഞ്ചു മുതല്‍ എട്ടുവരെ അടുക്കുകളായി വച്ച് ആവശ്യത്തിന് വെള്ളം നനച്ച് ഷീറ്റുകൊണ്ട് മൂടിക്കെട്ടി 5 - 6 മാസം കഴിഞ്ഞാല്‍ കമ്പോസ്റ്റ് തയാറാകുന്ന വിധത്തിലുള്ള വാരണാസി മോഡല്‍ കമ്പോസ്റ്റ് നിര്‍മാണമാണ് കര്‍ഷകരെ പരിശീലിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സത്താര്‍ വടക്കുമ്പാട് ഉദ്ഘാടനം നിര്‍വഹിച്ചു.
പഞ്ചായത്തംഗം സീത ഗണേഷ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ അരവിന്ദന് കൊട്ടാരത്തില്‍ പദ്ധതി വിശദീകരിച്ചു. പഞ്ചായത്തംഗങ്ങളായ കെ.വി. കാര്‍ത്യായനി, കെ.വി. രാധ, ക്ലസ്റ്റര്‍ പ്രസിഡന്റ് കെ.വി. മുകുന്ദന്, സെക്രട്ടറി വി.വി. സുരേശന്, പരങ്ങേന്‍ സദാനന്ദന്, അസി. കൃഷി ഓഫീസര്‍ എം. ഗോപി, കൃഷി അസിസ്റ്റന്റ് ടി. ഷീബ എന്നിവര്‍ പ്രസംഗിച്ചു.
ജൈവ കൃഷിയിലെ വിവിധ ഉത്പാദനോപാധികള്‍ എന്ന വിഷയത്തില്‍ അതിയടം കെ.ടി. ശ്രീധരന് നമ്പൂതിരി ക്ലാസെടുത്തു.