ചെറുവത്തൂര്‍: വിദ്യാര്‍ഥികള്‍ക്ക് സൈബര്‍ ബോധവത്കരണം നല്‍കുന്നതിനായി ജനമൈത്രി പോലീസ് സംസ്ഥാനതലത്തില്‍ അണിയിച്ചൊരുക്കിയ "തീക്കളി' നാടകം ജില്ലയിലെ വിദ്യാലയങ്ങളില്‍ അവതരണത്തിനെത്തി. 35 മിനിറ്റ് ദൈര്‍ഘ്യമുള്ള നാടകത്തില്‍ മൊബൈല്‍ ഉപയോഗത്തില്‍ വന്നുപെടുന്ന ചതിക്കുഴികള്‍, മൊബൈല്‍ അടിമത്തം, സാമൂഹ്യ മാധ്യമങ്ങളുടെ ദുരുപയോഗം തുടങ്ങിയവയാണ് പ്രമേയമാകുന്നത്.
ജില്ലയിലെ ആദ്യ അവതരണം ചന്തേര ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ പിലിക്കോട് ജിഎച്ച്എസ്എസിൽ നടന്നു. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേന ഉദ്ഘാടനം ചെയ്തു. മുഖ്യാധ്യാപിക എം. രേഷ്മ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ.വി.ബാലകൃഷ്ണന് മുഖ്യാതിഥിയായി. പ്രിന്‍സിപ്പല്‍ ടി.പ്രവീണ, ചന്തേര പോലീസ് ഇന്‍സ്പെക്ടര്‍ പി.നാരായണന്, എസ്ഐ എം.വി.ശ്രീദാസ്, പിടിഎ പ്രസിഡന്റ് ടി.ടി.ബാലചന്ദ്രന്, ജനമൈത്രി ബീറ്റ് ഓഫീസര്‍ സുരേശന് കാനം എന്നിവര്‍ പ്രസംഗിച്ചു.
പോലീസ് ഡ്രാമാ ടീം ക്യാപ്റ്റന്‍ നുജ്മുദ്ദീന്‍, വി.സുധര്‍മന്‍, കെ. സോള്വിന്, വി.എസ്.രതീഷ്, എസ്. സുനില്‍കുമാര്‍, എ. നിസാറുദ്ദീന്‍, ജി.സുഭാഷ് കുമാര്‍, എം.എ.ഷംനാദ്, കെ.പി.ശരത്, നിമി രാധാകൃഷ്ണന്, ആര്.ആര്യാദേവി എന്നിവരാണ് നാടകം അവതരിപ്പിക്കുന്നത്. ജില്ലയില്‍ 26 വരെ വിവിധ സ്കൂളുകളില്‍ പര്യടനം നടത്തും.