ഫോറൻസിക് സർജനെ നിയമിച്ചു
1225884
Thursday, September 29, 2022 12:45 AM IST
കാസർഗോഡ്: ജനറൽ ആശുപത്രിയിൽ ഒരു ഫോറൻസിക് സർജനെ കൂടി ജോലി ക്രമീകരണാടി സ്ഥാനത്തിൽ നിയമിച്ചു. ടാറ്റാ ഹോസ്പിറ്റലിലെ ഡോ.റെയ്ച്ചൽ ജോണിയെയാണ് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് ഫോറൻസിക് സർജനായി നിയമിച്ചത്.
പോസ്റ്റ് മോർട്ടം രാത്രി കാലങ്ങളിലും നടക്കാൻ ഈ ജോലി ക്രമീകരണം സഹായകരമാകും. രാത്രി കാലങ്ങളിലും പോസ്റ്റ്മോർട്ടം ചെയ്യാൻ കൂടുതൽ വിദഗ്ധ ഡോക്ടർമാരെ (ഫോറൻസിക് സർജൻ) നിയമിക്കണമെന്ന് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ ആവശ്യപ്പെട്ടിരുന്നു.
ഇക്കാരും ആവശ്യപ്പെട്ട് ജില്ലാ ജനറൽ ആശുപത്രിയുടെ ഡപ്യൂട്ടി സുപ്രണ്ട് ഡോ.ജമാൽ അഹമദ് ഉൾപ്പടെയുള്ള സംഘടനയുടെ സംസ്ഥാന നേതാക്കൾ കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് ചെന്ന് ഹെൽത്ത് സെക്രട്ടറിയെയും ഡിഎച്ച് എസിനെയും നേരിട്ട് കാണുകയും കത്ത് നൽകുകയും ചെയ്തിരുന്നു. ഇതോടെയാണ് ടാറ്റാ ഹോസ്പിറ്റിലിലെ അസി. സർജനെ ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്യാൻ നിയോഗിച്ച് ഡി എച്ച്എസിന്റെ ഉത്തരവുണ്ടായത്. ഇതോടെ ജനറൽ ആശുപത്രിയിലെ രാത്രി കാല പോസ്റ്റ്മോർട്ടം എന്ന വിഷയത്തിന് താത്കാലിക പരിഹാരമായി. ജനറൽ ആശുപത്രിയിൽ ഫോറൻസിക് സർജനെ താത്ക്കാലികമായി നിയമിച്ച പശ്ചാത്തലത്തിൽ രാത്രി കാലങ്ങളിൽ പോസ്റ്റ്മോർട്ടം നിർത്തിവെച്ചുള്ള പ്രതിഷേധ സമരം പിൻവലിച്ചതായി കെജിഎംഒഎ ജില്ല പ്രസിഡന്റ് ഡോ.സി.എം.കായിത്തി, സെക്രട്ടറി ഡോ.രാജു മാത്യു സിറിയക്ക് എന്നിവർ അറിയിച്ചു.