കണ്ടൽമരങ്ങൾ വെട്ടിനശിപ്പിച്ചു
1225899
Thursday, September 29, 2022 12:46 AM IST
തൃക്കരിപ്പൂർ: കവ്വായി കായലോരത്ത് കണ്ടൽമരങ്ങൾ വ്യാപകമായി വെട്ടിനശിപ്പിച്ചു. ഉടുമ്പുന്തല ടെലിഫോൺ എക്സ്ചേഞ്ചിന് പടിഞ്ഞാറ് ഭാഗത്ത് പഴക കടവിലാണ് വിവിധ തരം കണ്ടൽ മരങ്ങളും ചെടികളും വെട്ടിവീഴ്ത്തിയിട്ടുള്ളത്.
കായലിനും റോഡിനുമിടയിലുള്ള ഭാഗത്ത് ഏതാണ്ട് നൂറു മീറ്റർ ഭാഗത്ത് കണ്ടലുകൾ പൂർണമായും യന്ത്രമുപയോഗിച്ച് മുറിച്ചിട്ട നിലയിലാണ്. കണ്ടൽ ചെടികളും കൊത്തി നശിപ്പിച്ചിട്ടുണ്ട്. തൃക്കരിപ്പൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽപെടുന്ന ഭാഗത്താണ് കണ്ടലുകൾ വെട്ടി കായലോരത്ത് ഇത്ര വലിയ പരിസ്ഥിതി നാശം വരുത്തിയത്.
കണ്ടൽ ചെടികൾ തഴച്ചുവളരുന്ന പ്രദേശത്ത് മരങ്ങൾ വെട്ടി വീഴ്ത്തിയ സംഭവത്തിൽ പരിസ്ഥിതി പ്രവർത്തർ പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. സംഭവം അന്വേഷിക്കാൻ വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി.