മംഗല്പാടി മാലിന്യ പ്രശ്നം: പ്രത്യേക യോഗം മൂന്നിന്
1226495
Saturday, October 1, 2022 12:43 AM IST
കാസർഗോഡ്: മംഗല്പാടി പഞ്ചായത്തിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാന്‍ ജനപ്രതിനിധികളുള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് ഒക്ടോബര്‍ മൂന്നിന് പ്രത്യേക യോഗം ചേരുന്നു.
ജില്ലാ വികസന ഏകോപന നിരീക്ഷണ സമിതി ദിശയുടെ രണ്ടാം പാദവാര്‍ഷിക യോഗത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപിയാണ് മാലിന്യപ്രശ്ന പരിഹാരത്തിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്. ജില്ലകളില്‍ നടപ്പിലാക്കുന്ന വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ പരമാവധി വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച എം.പി നിര്വഹണോദ്യോഗസ്ഥര്ക്ക് നിര്‍ദ്ദേശം നല്കി.
തീരമേഖലയോട് ചേര്‍ന്ന് കിടക്കുന്ന തദ്ദേശ സ്ഥാപന പരിധികളില്‍ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമുള്ള വീടുകളുടെ നിർമാണമുള്‍പ്പെടെ സിആര്‍സെഡ് നിയമത്തിന്റെ പേരില്‍ നടക്കാതിരിക്കുന്ന സ്ഥിതിയുണ്ട്. ഇതിന് പരിഹാരം കാണാന്‍ കേന്ദ്ര മന്ത്രാലയത്തില്‍ ഇടപെടല്‍ നടത്തുമെന്ന് എം.പി പറഞ്ഞു. പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള പ്രയാസങ്ങള്‍ സമയബന്ധിതമായി റിപ്പോര്‍ട്ട് ചെയ്യണം. എല്ലാ വീഴ്ചകളും പരിഹരിച്ച് സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരണത്തിനായുള്ള ശ്രമങ്ങളുണ്ടാകണമെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ അറിയിക്കേണ്ടവ യഥാസമയം അറിയിച്ചാല്‍ എല്ലാത്തിനും തുടര്നടപടികളുണ്ടാകുന്നുവെന്നും എംപി പറഞ്ഞു.
ജല്‍ജീവന്‍ മിഷന് പദ്ധതിയില്‍ ബാവിക്കരയില്‍ നിന്നും ചെമ്മനാട് പഞ്ചായത്തിലേക്കുള്ള കുടിവെള്ള പദ്ധതി വേഗത്തില്‍ നടപ്പിലാക്കണമെന്ന് ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ പറഞ്ഞു. 40 കുടുംബങ്ങള്‍ക്കായി നിർമിക്കുന്ന ലൈഫ് ഫ്ളാറ്റ് സമുച്ചയത്തിലേക്കുള്ളതാണ് ഈ പദ്ധതിയെന്നും സ്ഥലമുള്‍പ്പെടെ പഞ്ചായത്ത് ചെയ്യേണ്ട കാര്യങ്ങളെല്ലാം പൂര്‍ത്തീകരിച്ചതായും പ്രസിഡന്റ് അറിയിച്ചു. കുടിവെള്ള വിതരണത്തിനുള്ള പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ യോഗം നിര്‍ദേശിച്ചു. 20 കേന്ദ്രാവിഷ്കൃത പദ്ധതികളുടെയും അവലോകനം യോഗത്തില്‍ നടന്നു. ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം ജില്ലാ പ്രൊജക്ട് ഓഫീസര്‍ കെ.പ്രദീപന്, ഡെപ്യൂട്ടി കളക്ടര്‍ കെ.നവീന്‍ ബാബു, നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.