സ്ത്രീസമത്വം കുടുംബങ്ങളില്‍നിന്ന് ആരംഭിക്കണം: സതീദേവി
1244207
Tuesday, November 29, 2022 12:45 AM IST
കാസര്‍ഗോഡ്: സമൂഹത്തില്‍ സ്ത്രീസമത്വമുണ്ടാകണമെങ്കില് വീടിന്റെ അകത്തളങ്ങളില്‍ ആദ്യം സമത്വമുണ്ടാകണമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി.സതീദേവി. വനിതാ കമ്മീഷനും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല സെമിനാര്‍ കാസര്‍ഗോഡ് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സമൂഹത്തില്‍ മാറ്റം വരണമെങ്കില്‍ ആദ്യം കുടുംബത്തില്‍നിന്ന് തുടങ്ങണം. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും സമഭാവനയോടെ വളര്‍ത്തണം. വീട്ടകങ്ങളില്‍ ആശയവിനിമയത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും അന്തരീക്ഷം ഉണ്ടാകണം. സ്ത്രീകള്‍ക്ക് അര്‍ഹതപ്പെട്ട സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന വീക്ഷണഗതി മാറ്റാന്‍ നിരന്തരമായ ഇടപെടല്‍ നടത്തേണ്ടതുണ്ട്. സംസ്ഥാനത്ത് സമൂഹത്തിന്റെ നാനാമേഖലകളിലും സ്ത്രീകളുടെ സജീവസാന്നിധ്യമുണ്ടായപ്പോഴാണ് ഈ വീക്ഷണഗതിയില്‍ മാറ്റം വന്നു തുടങ്ങിയതെന്നും സതീദേവി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്.എന്‍.സരിത, കുടുംബശ്രീ എഡിഎംസി പ്രകാശന് പാലായി, ജില്ലാ വനിതാ- ശിശുവികസന ഓഫീസര്‍ വി.എസ്.ഷിംന, ജില്ലാ ജാഗ്രതാസമിതി അംഗം എം.സുമതി എന്നിവര്‍ പ്രസംഗിച്ചു. വനിതാ കമ്മീഷന് പിആര്‍ഒ ശ്രീകാന്ത് എം.ഗിരിനാഥ് സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപന് നന്ദിയും പറഞ്ഞു.
ലിംഗനീതിയും ഭരണഘടനയും എന്ന വിഷയത്തില്‍ ദേലമ്പാടി പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉഷയും സ്ത്രീ സഹായ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് ചൈല്‍ഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫീസര്‍ പി.വി.ലതികയും ക്ലാസെടുത്തു.