അനൗണ്സര് ഫ്രം മലേഷ്യ
1244214
Tuesday, November 29, 2022 12:46 AM IST
മലേഷ്യയില്‍ നിന്നുള്ള അനൗണ്‍സറുടെ സാന്നിധ്യം കലോത്സവവേദിയില്‍ കൗതുകമുണര്‍ത്തി. ചായ്യോത്ത് സ്കൂളിലെ ഹൈസ്കൂള്‍ സോഷ്യല്‍ സ്റ്റഡീസ് അധ്യാപികയായ ആയിഷ ബിന്ദി അബ്ദുള്‍ ഖാദര്‍ ആയിരുന്നു ഇന്നലത്തെ താരം. മലേഷ്യന്‍ പൗരനായ ഡോ.അബ്ദുള്‍ ഖാദറിന്റെയും പയ്യന്നൂര്‍ സ്വദേശിനിയായ സുബൈദയുടെയും മകളാണ് ആയിഷ. മലേഷ്യന്‍ പ്രധാനമന്ത്രിയായിരുന്ന ഡോ.മഹാതിര്‍ മുഹമ്മദിന്റെ സഹപ്രവര്‍ത്തകനായിരുന്നു അബ്ദുള്‍ ഖാദര്‍. മലേഷ്യയിലാണ് ആയിഷ ജനിച്ചതെങ്കിലും മകള്‍ മലയാളം പഠിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്ന അബ്ദുള്‍ ഖാദര്‍ സ്കൂള്‍ പഠനകാലത്തു തന്നെ ഭാര്യവീടായ പയ്യന്നൂരില്‍ കൊണ്ടുചെന്നാക്കി. സെന്റ് മേരീസ് സ്കൂളിലിനും പിന്നീട് പയ്യന്നൂര്‍ കോളജിലുമായി പഠനം പൂര്‍ത്തിയാക്കി. ഇതിനിടയ്ക്ക് ഭരതനാട്യം പഠിച്ചു. തളിപ്പറമ്പ് സഹകരണാശുപത്രിയിലെ ഡോ.സി.ജമാലിനെ വിവാഹം ചെയ്തു. കുട്ടികളുടെ ജനനത്തോടെ പഠനത്തിന് ഇടവേളയുണ്ടായെങ്കിലും ബിഎഡും സൈക്കോളജിയും പഠിച്ചു. മൂത്തമകന് ജഷാന്‍ സ്വന്തം ബിസിനിസുമായി ബംഗുളുരുവിലാണുള്ളത്. മകള്‍ ആഷ്ന ലണ്ടനില്‍ ക്രിമിനോളജി വിദ്യാര്‍ഥിനിയാണ്.
ഇളയമകള്‍ ഐസ സ്കൂള്‍ വിദ്യാര്‍ഥിനിയും. മക്കള്‍ വലുതായതോടെ ആയിഷ തന്റെ താത്പര്യങ്ങള്‍ പൊടിതട്ടിയെടുത്ത് തുടങ്ങി. ഇടയ്ക്ക് വച്ച് മുടങ്ങിപ്പോയ ഭരതനാട്യം പഠനം പുനരാരംഭിച്ചു. സ്വന്തമായി ഫാബ്രിക് പെയിന്റിംഗ് പഠിച്ചു. മക്കള്‍ പഠിച്ച് ജോലി നേടി സ്വന്തം നില്‍ക്കണമെന്ന പിതാവിന്റെ നിര്‍ബന്ധമാണ് ജീവിതത്തില്‍ തനിക്കെന്നും തുണയായതെന്ന് ആയിഷ പറഞ്ഞു.