തിരശീല ഇന്നുയരും
1244446
Wednesday, November 30, 2022 12:47 AM IST
ചായ്യോം: 61-ാമതു റവന്യു ജില്ല സ്കൂള്‍ കലോത്സവത്തിലെ സ്റ്റേജ് മത്സരങ്ങള്‍ക്ക് ഇന്നു തുടക്കമാകും. സ്റ്റേജിതരമത്സരങ്ങള്‍ ഇന്നലെ സമാപിച്ചു. 73 ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 207 പോയിന്റുമായി കാസര്‍ഗോഡ് ഉപജില്ലയാണ് മുന്നില്‍. ബേക്കല്‍ (200) രണ്ടും ഹൊസ്ദുര്‍ഗ് (193) മൂന്നും സ്ഥാനത്താണുള്ളത്. ചെറുവത്തൂര്‍ (188), കുമ്പള (180), മഞ്ചേശ്വരം (151), ചിറ്റാരിക്കാല്‍ (147) എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ്നില. 12 വേദികളിലായാണ് ഇന്നു മത്സരങ്ങള്‍ നടക്കുന്നത്. മിമിക്രി, മോണോ ആക്ട്, ഒപ്പന, കോല്‍ക്കളി, മാപ്പിളപ്പാട്ട്, ലളിതഗാനം, ദഫ്മുട്ട് എന്നിവയാണ് ഇന്നത്തെ പ്രധാന ഇനങ്ങള്‍.
എഴുത്തുവഴിയില്‍ എതിരില്ലാതെ ന്യൂജെന്‍ നോവലിസ്റ്റ്
15 വയസിനുള്ളില്‍ മലയാളത്തിലും ഇംഗ്ലീഷിലുമായി രചിച്ചത് ഏഴു നോവലുകള്‍. കൂടാതെ രണ്ടു നോവലുകള്‍ പ്രസിദ്ധീകരണത്തിന് തയാറെടുക്കുന്നു. സാഹിത്യലോകത്ത് പ്രതിഭയല്ല, പ്രതിഭാസം തന്നെയാണ് താന്‍ എന്നു തെളിയിക്കുകയാണ് കാസര്‍ഗോഡ് ജിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി സിനാഷ. കലോത്സവ വേദിയിലും സിനാഷ താരമായി തന്നെയാണ് മടങ്ങിയത്. ഹൈസ്കൂള്‍ വിഭാഗം മലയാളം കഥാരചനയിലും കവിതാരചനയിലും ഒന്നാംസ്ഥാനം നേടിയപ്പോള്‍ ഇംഗ്ലീഷ് കവിതാരചനയില്‍ രണ്ടാംസ്ഥാനം കരസ്ഥമാക്കി. 'അവസാനത്തെ അതിഥി' എന്നതായിരുന്നു കഥാരചനയുടെ വിഷയം. ഒരു പന്നിക്കുട്ടിയെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമാക്കി 'ആസാദി' എന്ന കഥയാണ് സിനാഷ രചിച്ചത്. ' 'അതിനുശേഷം ' എന്നതായിരുന്നു കവിതാരചനയുടെ വിഷയം. 'വീര്‍പ്പ് ' എന്ന പേരില്‍ സിനാഷ രചിച്ച കവിത ഭൂമിക്ക് മരണം സംഭവിച്ചതിന്റെ പിറ്റേന്നു നടക്കുന്ന സംഭവവികാസങ്ങളാണ് ആവിഷ്കരിച്ചിരിക്കുന്നത്.കാസര്‍ഗോഡ് ജിയുപിഎസ് അധ്യാപകന് എ.ശ്രീകുമാറിന്റെയും സ്മിതയുടെയും ഏകമകളാണ്.