പരിപാടികള് വൈകി; മത്സരാര്ഥികള് വലഞ്ഞു
1245037
Friday, December 2, 2022 12:33 AM IST
സംഘാടകര്ക്ക് സമയക്രമം പാലിക്കാന് സാധിക്കാത്തതുമൂലം മത്സരാര്ഥികള് ദുരിതത്തിലായി. പ്രധാനവേദിയില് രാവിലെ 9.30ന് ആരംഭിക്കേണ്ട നൃത്തയിനങ്ങള് 11നാണ് ആരംഭിച്ചത്. വേദി മൂന്നില് ഉച്ചയ്ക്ക് രണ്ടിനു നടക്കേണ്ടുന്ന അറബിക് നാടകമത്സരങ്ങള് വൈകുന്നേരം 4.30 ആയിട്ടും ആരംഭിച്ചില്ല. കഥകളി സംഗീതം പരിപാടി അവസാനിച്ചതോടെ ഉച്ചയ്ക്ക് 12.40 മുതല് ഈ വേദി ഒഴിഞ്ഞുകിടക്കുകയായിരുന്നു.
ആറു ടീമുകള് രജിസ്റ്റര് ചെയ്ത മത്സരത്തില് അഞ്ചു ടീമുകള് റിപ്പോര്ട്ട് ചെയ്തിട്ടും പരിപാടി തുടങ്ങിയില്ല. മറ്റു അറബിക് മത്സരങ്ങള് നടക്കുന്ന വേദി ഒമ്പതിലെ ജഡ്ജസുകള് തന്നെയാണ് ഇവിടെയും വരേണ്ടതെന്നും അവിടുത്തെ മത്സരങ്ങള് കഴിയാത്തതാണ് പരിപാടി വൈകാന് കാരണമായതെന്നും സംഘാടകര് പറഞ്ഞു. വേദികള് തമ്മിലുള്ള ദൂരക്കൂടുതലും മത്സരാര്ഥികള്ക്ക് പ്രശ്നമായി. ഒരു വേദിയില് നിന്നും മറ്റൊരു വേദിയിലേക്കു പോകാന് ടാക്സി പിടിച്ചുപോകേണ്ട സ്ഥിതിയായിരുന്നു. ഒന്നാമത്തെ വേദി ഒഴികെ മറ്റു പല വേദികളും മത്സരം നടത്താന് കഴിയാത്തവിധം ഇടുങ്ങിയതായിരുന്നെന്നും പരാതി ഉയര്ന്നു. ഒപ്പന പോലുള്ള ഇനങ്ങളിലായിരുന്നു ഈ പരാതി കൂടുതലായും ഉണ്ടായത്.