ഗോത്രസാരഥി ജീപ്പുകള്‍ ഫെബ്രുവരി മുതല്‍ സർവീസ് നിർത്തുന്നു
1263254
Monday, January 30, 2023 12:42 AM IST
ഡാജി ഓടയ്ക്കല്‍
വെള്ളരിക്കുണ്ട്: അഞ്ച് മാസമായി വാടക ലഭിക്കാതായതോടെ ഗോത്രസാരഥി പദ്ധതിയുടെ ഭാഗമായി സര്‍വീസ് നടത്തുന്ന ജീപ്പുകള്‍ ഫെബ്രുവരി ഒന്നു മുതല്‍ ഓട്ടം നിര്‍ത്താന്‍ തീരുമാനിച്ചു. ഇതോടെ അധ്യയനവര്‍ഷം അവസാന പാദത്തില്‍ നില്ക്കുമ്പോള് മലയോരത്തെ വിദൂരമേഖലകളില്‍ നിന്നുള്ള പട്ടികവിഭാഗക്കാരായ കുട്ടികള്‍ കടുത്ത യാത്രാദുരിതം നേരിടേണ്ടി വരും.
ഇവരുടെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ക്കായുള്ള അവസാനഘട്ട തയാറെടുപ്പുകളും അവതാളത്തിലാകും.
പദ്ധതി പ്രകാരം മാലോത്ത് കസബ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് മാത്രം പത്തോളം ജീപ്പുകള്‍ സര്‍വീസ് നടത്തിവരുന്നുണ്ട്. ഒരു ദിവസം ഒരു ജീപ്പിന് 800 രൂപയോളം ഡീസല്‍ ചെലവ് ഉണ്ടാവും.
രണ്ട് ലക്ഷത്തോളം രൂപയാണ് ഓരോ ജീപ്പിനും വാടകക്കുടിശികയായി ലഭിക്കാനുള്ളത്. ഇനിയും കടംവാങ്ങി ഡീസലടിച്ച് മുന്നോട്ടുപോകാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.