കുഴല് കിണറുകളിലെ ജലവിതാനം താഴുന്നതായി പഠനം
1278573
Saturday, March 18, 2023 1:10 AM IST
കാസര്ഗോഡ്: അമിത ജലചൂഷണം മൂലം ജില്ലയുടെ പല ഭാഗങ്ങളിലും കുഴല്കിണറുകളിലെ ജലവിതാനം അപകടകരമാംവിധം താഴുന്നതായി പഠനം. കുറ്റിക്കോല്, കയ്യൂര്-ചീമേനി, വോര്ക്കാടി, എന്മകജെ, പൈവളിഗെ പഞ്ചായത്തുകളിലാണ് ആശങ്കാജനകമായ വിധത്തില് ജലനിരപ്പ് താഴ്ന്നതായി കണ്ടെത്തിയത്.
ഭൂഗര്ഭ ജലനിരപ്പിലെ വ്യതിയാനങ്ങള് മനസിലാക്കുന്നതിനായി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 46 തുറന്ന കിണറുകളും 20 കുഴല് കിണറുകളുമാണ് ഭൂജല വകുപ്പ് പഠനവിധേയമാക്കിയത്. ഭൂഗര്ഭ ജലവിതാനം അപകടകരമായി താഴ്ന്നതിനാല് നേരത്തേ കാസര്ഗോഡ് ബ്ലോക്കിനെ ക്രിട്ടിക്കല് മേഖലയായും കാറഡുക്ക, കാഞ്ഞങ്ങാട്, മഞ്ചേശ്വരം ബ്ലോക്കുകള് സെമി ക്രിട്ടിക്കലായും കണ്ടെത്തിയിരുന്നു. ഇതില് കാറഡുക്ക, കാഞ്ഞങ്ങാട് ബ്ലോക്കുകളില് പൊതുവേയുള്ള ജലവിതാനം കുറച്ചെങ്കിലും ഉയര്ന്നിട്ടുണ്ടെന്നാണ് ഈ വര്ഷത്തെ പഠന റിപ്പോര്ട്ട്. അതേസമയം കാസര്ഗോഡും മഞ്ചേശ്വരത്തും സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്.
പരപ്പ, നീലേശ്വരം ബ്ലോക്കുകളില് നിലവിലുള്ള സ്ഥിതി നിയന്ത്രണപരിധിക്കുള്ളിലാണെങ്കിലും ഇവിടങ്ങളിലും അമിതമായ കുഴല്കിണര് നിര്മാണവും ജലചൂഷണവും നടക്കുന്നുണ്ടെന്നാണ് പഠനത്തില് കണ്ടെത്തിയത്. ഇത് വരുംവര്ഷങ്ങളില് തന്നെ ഈ ബ്ലോക്കുകളിലും ഭൂഗര്ഭ ജലനിരപ്പ് കുറയാന് കാരണമായേക്കാം. അതേസമയം കാര്ഷിക ആവശ്യങ്ങള്ക്കും മറ്റും കുഴല്കിണറുകള് നിര്മിക്കുന്നത് അനിവാര്യവുമാണ്.
മഴക്കാലങ്ങളില് പരമാവധി വെള്ളം ഭൂമിയിലേക്ക് താഴുന്നതിനുള്ള സാഹചര്യമൊരുക്കാന് സര്ക്കാര് തലത്തിലും പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെയും നിരവധി പ്രവര്ത്തനങ്ങള് നടക്കുന്നുണ്ട്. ഈ പ്രവര്ത്തനങ്ങളുടെ ഫലമായാണ് കാഞ്ഞങ്ങാട്, കാറഡുക്ക ബ്ലോക്കുകളില് ഭൂഗര്ഭജലത്തിന്റെ അളവ് കൂടിയത്.
വരുന്ന മഴക്കാലങ്ങളിലും ഇത്തരം പ്രവര്ത്തനങ്ങള് കൂടുതല് ഫലപ്രദമായി നടപ്പാക്കിയാല് എല്ലായിടങ്ങളിലും വേനല്ക്കാലത്ത് ഭൂഗര്ഭജലവിതാനം ഉയര്ത്താനാകുമെന്നാണ് നിരീക്ഷണം. അങ്ങനെയായാല് കാര്ഷിക ആവശ്യങ്ങള്ക്കുള്പ്പെടെ കൂടുതല് കുഴല് കിണറുകള് നിര്മിക്കാനും കഴിയും.