ജലബജറ്റുമായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്
1280472
Friday, March 24, 2023 12:55 AM IST
കാഞ്ഞങ്ങാട്: മഴവെള്ള ലഭ്യതയുടെയും വിനിയോഗത്തിന്റെയും ജലസംരക്ഷണത്തിന്റെയും പ്രാധാന്യം വ്യക്തമാക്കി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ജലബജറ്റ്. അജാനൂര്‍, പള്ളിക്കര, ഉദുമ, പുല്ലൂര്‍-പെരിയ, മടിക്കൈ പഞ്ചായത്തുകളിലെ കഴിഞ്ഞ പത്തു വര്‍ഷത്തെ മഴ വെള്ളത്തിന്റെ ലഭ്യതയുടെയും ശേഖരണത്തിന്റെയും വിനിയോഗത്തിന്റെയും കണക്കുകള്‍ വ്യക്തമാക്കുന്ന ജലബജറ്റിന്റെ ക്രോഡീകരിച്ച റിപ്പോര്‍ട്ടാണ് ജലസഭയില്‍ അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ജലസഭ ഉദ്ഘാടനം ചെയ്തു.
ഹരിതകേരളം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ തയാറാക്കിയ ജലബജറ്റിന് കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സിഡബ്ല്യുആര്‍ഡിഎം) ആണ് സാങ്കേതിക സഹായം നല്‍കിയത്.
മടിക്കൈ പഞ്ചായത്തിലെ എരിക്കുളത്തും പുല്ലൂര്‍-പെരിയയിലെ കല്യോട്ടും ജലസേചനവകുപ്പ് ഹൈഡ്രോളജി റെയിന്‍ ഗേജുകളില്‍ നിന്നും ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസില്‍ നിന്നും റെയിന്‍ ഗേജിലെ പത്തു വര്‍ഷത്തെ പ്രതിദിന മഴ ലഭ്യത കണക്ക് ശേഖരിച്ചാണ് ജലലഭ്യത കണ്ടെത്തിയിട്ടുള്ളത്.
ഓരോ പഞ്ചായത്തിലെയും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും കൃഷി, പക്ഷിമൃഗാദികള്‍ എന്നിവയ്ക്കുള്ള ആവശ്യവും വാണിജ്യ വ്യവസായ, ഇതര സ്ഥാപന ആവശ്യങ്ങളും കണ്ടെത്തിയാണ് ജല ഉപയോഗം ക്രമപ്പെടുത്തിയത്.
ബ്ലോക്ക് പ്രസിഡന്റ് കെ. മണികണ്ഠന് അധ്യക്ഷത വഹിച്ചു. നവകേരളം കര്‍മ പദ്ധതി ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ കെ. ശകുന്തള, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ, മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. പ്രകാശന്, അസി. എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ (ഇറിഗേഷന്‍) സുധാകരന് എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.വി. ശ്രീലത സ്വാഗതവും സെക്രട്ടറി പി. യൂജിന്‍ നന്ദിയും പറഞ്ഞു.