പന്നി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്തു
1281246
Sunday, March 26, 2023 7:04 AM IST
കാഞ്ഞങ്ങാട്: ആഫ്രിക്കന്‍ പന്നിപ്പനി ഭീഷണി മൂലം പന്നികളെ കൊല്ലേണ്ടിവന്ന എന്മകജെ പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരത്തുക വിതരണം ചെയ്തു. കാഞ്ഞങ്ങാട് റോയല്‍ റസിഡന്‍സി ഹാളില്‍ ഇ.ചന്ദ്രശേഖരന് എംഎല്‍എ വിതരണോദ്ഘാടനം നിര്‍വഹിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ കോര്‍പസ് ഫണ്ടില്‍ നിന്ന് 30.82 ലക്ഷം രൂപയാണ് വിതരണം ചെയ്തത്.
രോഗ നിയന്ത്രണത്തിന്റെ ഭാഗമായി പന്നികളെ കൊന്നൊടുക്കുന്നതിനും ശാസ്ത്രീയമായി സംസ്കരിച്ച് അണുശീകരണം നടത്തുന്നതിനും നേതൃത്വം നല്കിയ ദ്രുതകര്‍മ സേനാംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു.
എന്മകജെ പഞ്ചായത്ത് പ്രസിഡന്റ് ജെ.എസ്. സോമശേഖര, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ബി.സുരേഷ്, ജന്തുരോഗ നിയന്ത്രണ വിഭാഗം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.എസ്.മഞ്ജു, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.ജയപ്രകാശ്, സീനിയര്‍ വെറ്ററിനറി സര്ജന് ഡോ.എ.മുരളീധരന്, പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രം അസി. പ്രോജക്ട് ഓഫീസര്‍മാരായ ഡോ.അബ്ദുള്‍ വാഹിദ്, ഡോ.ജി.കെ. മഹേഷ്, ഡോ.ശ്രീവിദ്യ നമ്പ്യാര്‍, ആര്‍ആര്‍ടി തലവന്‍ ഡോ.വി.വി.പ്രദീപ്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.