ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകൾ ഉദ്ഘാടനം ചെയ്തു
1282813
Friday, March 31, 2023 12:39 AM IST
കാഞ്ഞങ്ങാട്: സംസ്ഥാനത്തെ ഭൂമിയില്ലാത്ത എല്ലാവര്ക്കും ഭൂമിയെന്ന ലക്ഷ്യവുമായി അവരെ ഭൂമിയുടെ അവകാശികള്‍ ആക്കാനുള്ള മിഷനുമായി ഒരു നൂതന പ്രവര്‍ത്തനത്തിന് കേരളം ഒരുങ്ങുകയാണെന്ന് റവന്യുമന്ത്രി കെ. രാജന്. കാഞ്ഞങ്ങാട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെയും താലൂക്ക് എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്ററിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. എത്ര പേരാണോ ഭൂമിക്ക് അര്‍ഹരായി അപേക്ഷ കൊടുത്ത് കാത്തിരിക്കുന്നത് അവര്‍ക്ക് ഭൂമി കൊടുക്കാതിരിക്കുന്നതിനുള്ള തടസം എന്താണെന്ന് തിരിച്ചറിഞ്ഞു അവരെ പട്ടയ ഡാഷ് ബോര്‍ഡിലേക്ക് മാറ്റുക എന്നതാണ് ആദ്യത്തെ പ്രവര്‍ത്തി. കേരളം പട്ടയ മിഷന്റെ കാര്യത്തില്‍ വലിയ നടപടികളിലേക്ക് പോവുകയാണ്.
പട്ടയ മിഷന് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് വേഗത വര്‍ധിക്കുകയാണ്. എല്ലാം ഡിജിറ്റലാകുമ്പോള്‍ ആ ഭാഷ സാധാരണക്കരായവര്‍ക്ക് മനസിലാകുന്നില്ല എന്നൊരു പ്രശ്നം നിലവിലുള്ള സാഹചര്യത്തില്‍, ആ പ്രശ്നം പരിഹരിക്കാനായി കേരള ഗവണ്മെന്റ് ഒരു വീട്ടില്‍ ഒരാളെ എങ്കിലും റവന്യു അപേക്ഷകള്‍ സ്വന്തം ഫോണ്‍ ഉപയോഗിച്ച് തയാറാക്കി അയക്കാന്‍ പ്രാപ്തരാക്കാന്‍ റവന്യു ഇ-സാക്ഷരതയ്ക്ക് നേതൃത്വം നല്‍കുകയാണ്. റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ, എന്‍എസ്എസ്, എന്‍സിസി തുടങ്ങിയവ ഉപയോഗപ്പെടുത്തി വീടുകള്‍തോറും റവന്യു ഇ-സാക്ഷരത നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇ. ചന്ദ്രശേഖരന് എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്മാന് ബില്‍ടെക് അബ്ദുള്ള, കെ.പി. ജയപാല്‍, പി.വി. ചന്ദ്രശേഖരന്, ബങ്കളം കുഞ്ഞിക്കൃഷ്ണന്, കെ.കെ. ബദറുദ്ദീന്‍, കെ.സി. പീറ്റര്‍, ഖാലിദ് കൊളവയല്‍, കരീം ചന്തേര, ഏബ്രഹാം തോണക്കര, എം. ഹമീദ് ഹാജി, രതീഷ് പുതിയപുരയില്‍, കൈപ്രത്ത് കൃഷ്ണന് നമ്പ്യാര്‍, സുരേഷ് പുതിയേടത്ത്, എഡിഎം എ.കെ. രാമേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. സബ് കളക്ടര്‍ സൂഫിയാന് അഹമ്മദ് സ്വാഗതവും തഹസില്‍ദാര്‍ എന്‍. മണിരാജ് നന്ദിയും പറഞ്ഞു.
കാസര്‍ഗോഡ്: എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ ഓഫീസും സ്മാര്‍ട്ട് എന്ന മുഖമുദ്രാവാക്യത്തോടെ കേരളത്തിലെ റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനം മുഴുവന്‍ സ്മാര്‍ട്ടാക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നതെന്ന് റവന്യുമന്ത്രി കെ. രാജന്. കൂഡ്ലു സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഈ വര്‍ഷം നവംബര്‍ ഒന്നിന് സംസ്ഥാനത്തെ വില്ലേജ് ഓഫീസുകള്‍ മുതല്‍ സെക്രട്ടറിയേറ്റിലെ റവന്യൂ കേന്ദ്രം വരെയുള്ള വകുപ്പിന്റെ എല്ലാ ഓഫീസുകളും ഒരേസമയം ഡിജിറ്റലൈസ് ചെയ്യുകയെന്ന ലക്ഷ്യത്തിന് പിന്നാലെയാണ് വകുപ്പെന്നും അതു യാഥാര്‍ഥ്യമാകുന്നതോടെ മുഴുവന്‍ ഓഫീസുകളും സ്മാര്‍ട്ട് ആകുന്ന സംസ്ഥാനത്തെ ആദ്യവകുപ്പായി റവന്യു മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഉളിയത്തടുക്കയില്‍ നിര്‍മിച്ച കുഡ്ലു സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടന ചടങ്ങില്‍ എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ഗോപാലകൃഷ്ണ, എഡിഎം എ.കെ. രാമേന്ദ്രന്, ബ്ലോക്ക് പഞ്ചായത്തംഗം ജമീല അഹമ്മദ്, വാര്‍ഡ് മെംബര്‍ സി.എം. ബഷീര്‍ പുളിക്കൂര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എ. രവീന്ദ്രന്, കെ. സുനില്‍കുമാര്‍, പ്രമീള മജല്‍, സിദ്ദിഖ് ചേരങ്കൈ, അനന്തന് നമ്പ്യാര്‍, ഉബൈദുള്ള കടവത്ത്, തമ്പാന് നായര്‍, നാഷണല്‍ അബ്ദുള്ള എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ കളക്ടര്‍ സ്വാഗത് ഭണ്ഡാരി സ്വാഗതവും ഡെപ്യൂട്ടി കളക്ടര്‍ (എല്‍ആര്‍) ജഗി പോള്‍ നന്ദിയും പറഞ്ഞു.
പെര്‍ള: മഞ്ചേശ്വരം താലൂക്കിന് സ്വന്തമായ ഓഫീസ് കെട്ടിടം അനുവദിക്കുമെന്ന് റവന്യുമന്ത്രി കെ. രാജന്. പദ്രെ വില്ലേജില്‍ നിര്‍മിച്ച സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എ.കെ.എം. അഷറഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. എഡിഎം എ.കെ. രാമേന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന, പഞ്ചായത്ത് പ്രസിഡന്റ് ജെ.എസ്. സോമശേഖര, ജില്ലാ പഞ്ചായത്തംഗം നാരായണ നായ്ക് അട്ക്കസ്ഥല, ബ്ലോക്ക് പഞ്ചായത്തംഗം കെ. ബട്ടുഷെട്ടി, പഞ്ചായത്തംഗങ്ങളായ എം. രാമചന്ദ്ര, നരസിംഹപൂജാരി, ഇന്ദിര, ഉഷാകുമാരി, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ പി.കെ. മഞ്ജുനാഥ, ചന്ദ്രാവതി, കെ.പി. മുനീര്‍ ഉപ്പള, പത്തടുക്ക ഗണപതിഭട്ട് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ കളക്ടര്‍ സ്വാഗത് ഭണ്ഡാരി സ്വാഗതവും കാസര്‍ഗോഡ് ആര്‍ഡിഒ അതുല്‍ സ്വാമിനാഥ് നന്ദിയും പറഞ്ഞു.