കാസര്‍ഗോഡ്: ജില്ലയിലെ ഏക ജൈവ വൈവിധ്യ പൈതൃക കേന്ദ്രമായ നെയ്യങ്കയത്തെ സംരക്ഷിക്കാന്‍ പദ്ധതിയൊരുങ്ങുന്നു. അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനത്തില്‍ ജൈവ വൈവിധ്യ ജില്ലാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍പേഴ്സണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ബേബി ബാലകൃഷ്ണന് നേതൃത്വത്തില്‍ നെയ്യങ്കയം ജൈവ വൈവിധ്യ പൈതൃക കേന്ദ്രം സന്ദര്‍ശിച്ചു. നെയ്യങ്കയത്തില്‍ തടയണ നിര്‍മിക്കാനുള്ള പ്രോജക്ട് തയാറാക്കാനുള്ള നിര്‍ദേശം ജില്ലാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ പഞ്ചായത്തിന് നല്കി. കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പയസ്വിനിപ്പുഴയിലെ ഏറ്റവും ജലസമൃദ്ധമായ കയമാണ് നെയ്യങ്കയം. ഒരു ഭാഗത്ത് മുളിയാര്‍ പഞ്ചായത്തും മറുഭാഗത്ത് ബേഡഡുക്ക പഞ്ചായത്തുമാണ്.
നെയ്യങ്കയത്തില്‍ ജലനിരപ്പ് താഴ്ന്ന സാഹചര്യം മുന്‍നിര്‍ത്തി കഴിഞ്ഞ മാസം 29നു ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ മെമ്പര്‍ സെക്രട്ടറി ഡോ.വി.ബാലകൃഷ്ണന്, ജിയോളജിസ്റ്റ് അഷ്റഫ് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കുകയും ജൈവവൈവിധ്യ ബോര്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജലചൂഷണം ഒഴിവാക്കാനുള്ള നിര്‍ദേശം പഞ്ചായത്ത് ബിഎംസിക്ക് നല്‍കിയിരുന്നു. ഈ അടുത്ത ദിവസങ്ങളില്‍ കയത്തോട് ചേര്‍ന്ന ഭാഗങ്ങളില്‍ മീനുകള്‍ ചത്തു പൊങ്ങിയ സാഹചര്യം ഉണ്ടായി. മീന്‍ പിടിക്കാനുള്ള ശ്രമത്തില്‍ വെള്ളം കലങ്ങിയതാണോ അതോ ചൂട് കൂടിയ സാഹചര്യത്തില്‍ ബയോളജിക്കല്‍ ഓക്സിജന്‍ ഡിമാന്‍ഡ് കുറഞ്ഞതാണോ കാരണമെന്ന് വ്യക്തമല്ല. നെയ്യങ്കയം സന്ദര്‍ശനത്തില്‍ ജില്ലാ ജൈവ വൈവിധ്യ ബോര്‍ഡ് ടെക്നിക്കല്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് അംഗമായ പ്രഫ.വി.ഗോപിനാഥന്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.എം.അഖില, മുളിയാര്‍ ബിഎംസി ചെയര്‍പേഴ്സണും പഞ്ചായത്ത് പ്രസിഡന്റുമായ പി.വി.മിനി, വൈസ്പ്രസിഡന്റ് ജനാര്ദ്ദനന് എന്നിവര്‍ പങ്കെടുത്തു.