മന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
1299373
Friday, June 2, 2023 12:26 AM IST
വെള്ളരിക്കുണ്ട്: മലയോരത്തെ റോഡുകളോടുള്ള പിണറായി സര്‍ക്കാരിന്റെ അവഗണയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെള്ളരിക്കുണ്ട് താലൂക്ക് അദാലത്തിനെത്തിയ മന്ത്രി അഹമ്മദ് ദേവര്കോവിലേതിരെ പ്രതിഷേധം നടത്തി. മലയോര ഹൈവേ കടന്നുപോകുന്ന വനപ്രദേശങ്ങളിലെ റോഡിന്റെ ശോചനീയാവസ്ഥ ദീപിക ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചീമേനി-ഓടക്കൊല്ലി റോഡ്, ഭീമനടി-ചിറ്റാരിക്കാല്‍ റോഡ്, ഓടക്കൊല്ലി പാലം തുടങ്ങി നിര്‍മാണം പൂര്‍ത്തിയാക്കാതെ മലയോരത്തെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സര്‍ക്കാരിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ഭയന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പരിപാടി ഒഴിവാക്കിയെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
ശോചനീയാവസ്ഥയില്‍ ഉള്ള വിവിധ റോഡുകളുടെ അന്‍പതോളം ഫോട്ടോകളുമായി അദാലത്ത് നടക്കുന്ന വേദിക്ക് അരികെ പൊട്ടിപൊളിഞ്ഞ റോഡുകളുടെ ഫോട്ടോ പ്രദര്‍ശനം നടത്താനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ ജോമോന് ജോസിന്റെ നേതൃത്വത്തില്‍ എത്തിയത്.
ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് തമ്പാന്, സെക്രട്ടറി മാര്ട്ടിന് ജോര്‍ജ്, തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ജോബിന് ബാബു, ബളാല്‍ മണ്ഡലം പ്രസിഡന്റ് ബിബിന്‍ അറയ്ക്കല്‍, ലിബിന് ആലപ്പാട്ട്, വിഷ്ണു ചുള്ളി, ജോബിന് പറമ്പ, ആന്റണി കരിമ്പനാകുഴിയില്‍, ഷാനോജ് മാത്യു കനകപ്പള്ളി എന്നിവരും ഒപ്പമുണ്ടായിരുന്നു.
എന്നാല്‍ പ്രകടനമായി വേദിക്ക് അരികില്‍ എത്തിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. വൈകുന്നേരം അദാലത്തിന് കഴിഞ്ഞ് മന്ത്രി പോയതിന് ശേഷമാണ് ഇവരെ സ്റ്റേഷനില്‍ നിന്നും വിട്ടയച്ചത്.