കാസര്‍ഗോഡ്: അകാരണമായി റോഡ് പ്രവൃത്തി നിര്‍ത്തിവെക്കുന്ന കരാറുകാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് സിപിഐ ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ റോഡുകള്‍ ഉള്‍പ്പെടെയുള്ള പശ്ചാത്തല സൗകര്യ വികസനത്തിന് വലിയതോതില്‍ പണം മുടക്കി പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ തടസപ്പെടുത്തുകയും ജനങ്ങളെ ദ്രോഹിക്കുകയും ചെയ്യുന്ന സമീപനമാണ് ചില കരാറുകാര്‍ സ്വീകരിക്കുന്നത്. ഇത്തരക്കാരായ ചിലര്‍ റോഡുകളുടെ നിര്‍മാണപ്രവൃത്തി നടത്താനാവശ്യമായ മെറ്റീരിയലുകള്‍ സംഘടിപ്പിക്കാതെ തന്നെ റോഡുകള്‍ ഉഴുതുമറിച്ചിട്ടും തുടര്‍ന്ന് നിര്‍മാണസാമഗ്രികള്‍ കിട്ടാനില്ലെന്ന് പറഞ്ഞ് മാസങ്ങളോളം ചിലപ്പോള്‍ വര്‍ഷക്കണക്കിനും പ്രവൃത്തി നിര്‍ത്തിവെയ്ക്കും. ജില്ലയിലെ പല ഭാഗങ്ങളിലും ജനങ്ങള്‍ ഇത്തരക്കാരുടെ ഉത്തരവാദിത്തമില്ലായ്മ കാരണം വലിയ പ്രയാസങ്ങള്‍ അനുഭവിച്ച് വരികയാണ്. ജനങ്ങളോടും സര്‍ക്കാരിനോടും ധിക്കാരപൂര്‍വമായ സമീപനമാണ് ഇത്തരക്കാര്‍ സ്വീകരിക്കുന്നത്. ചിലപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് പ്രവൃത്തി ഉപേക്ഷിക്കും. എന്നാല്‍ ഇത്തരക്കാരില്‍നിന്നും നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടികള്‍ ഉണ്ടാകുന്നില്ല. ആയതിനാല്‍ ഈ വിഷയം ബന്ധപ്പെട്ട അധികൃതര്‍ ഗൗരവപൂര്‍വം പരിഗണിക്കണമെന്നും ഉചിതമായ നിയമനടപടികള്‍ സ്വീകരിച്ച് ഈ പ്രവണത അവസാനിപ്പിക്കണമെന്നും സിപിഐ ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു.