റാണിപുരം വനത്തില്‍ ചിത്രശലഭ സര്‍വേ നടത്തി
1335240
Wednesday, September 13, 2023 12:52 AM IST
റാണിപുരം: കാസര്‍ഗോഡ് ബേഡേഴ്സ് കൂട്ടായ്മയുടെയും വനംവകുപ്പിന്റെയും ആഭിമുഖ്യത്തില്‍ റാണിപുരം വനത്തില്‍ ചിത്രശലഭ സര്‍വേ നടത്തി. ആദ്യമായാണ് ജില്ലയിലെ വനമേഖലയില്‍ ചിത്രശലഭങ്ങള്‍ക്കായി മാത്രം സര്‍വേ നടത്തുന്നത്.
വിന്ധ്യന് ബോബ്, സതേണ്‍ സ്പോട്ടഡ് എയ്സ്, ആട്ടക്കാരി, കാട്ടുപാത്ത തുടങ്ങിയ അപൂര്‍വ ഇനങ്ങളുള്‍പ്പെടെ 66 ഇനങ്ങളെ സര്‍വേയില്‍ കണ്ടെത്തിയതായി ബേഡേഴ്സ് കൂട്ടായ്മ അംഗങ്ങള്‍ അറിയിച്ചു. റാണിപുരം പള്ളിയുടെ സമീപപ്രദേശങ്ങളിലും ട്രക്കിംഗ് പാതയിലും അച്ചന്‍പാറ, എന്‍എ പ്ലാന്റേഷന്, പാറക്കടവ് മേഖലകളിലുമായി കര്‍ണാടക വനാതിര്‍ത്തി വരെ സര്‍വേ നടത്തി. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി. ശേഷപ്പ, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ആര്.കെ. രാഹുല്‍, വനസംരക്ഷണ സമിതി പ്രസിഡന്റ് നിര്‍മല മധുസൂദനന്, ബേഡേഴ്സ് കൂട്ടായ്മ അംഗങ്ങളായ രാജു കിദൂര്‍, ശ്രീശാന്തി, പ്രണവ് കാര്‍ളെ, ശ്യാംകുമാര്‍ പുറവങ്കര, അനൂപ്, പൂര്‍ണപ്രജ്ഞ എന്നിവര്‍ നേതൃത്വം നല്കി.