ബദിയഡുക്ക: വര്‍ഷങ്ങളായി ബദിയടുക്ക പഞ്ചായത്തില്‍ ഒഴിഞ്ഞുകിടക്കുന്ന ജീവനക്കാരുടെ തസ്തികകള്‍ നികത്താത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
എല്‍എസ്ജിഡി അസി.എന്‍ജിനിയര്‍ തസ്തിക വര്‍ഷങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. മധൂര്‍ പഞ്ചായത്തിലെ ഉദ്യേഗസ്ഥനാണ് നിലവിലെ ചുമതല. ഇതു മൂലം പദ്ധതികളും മറ്റു പ്രവര്‍ത്തനവും സമയബന്ധിതമായി നടക്കുന്നില്ല. പഞ്ചായത്തിലെ ഹെഡ് ക്ലര്‍ക്ക്-1, അക്കൗണ്ടന്റ്-1, സീനിയര്‍ ക്ലര്‍ക്ക്-2 എന്നീ തസ്തികകളും വര്‍ഷങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. സെക്രട്ടറി ഉള്‍പ്പെടെയുള്ള മറ്റു ഉദ്യോഗസ്ഥര്‍ രാത്രി വരെ ജോലി ചെയ്യേണ്ട സ്ഥിതിയാണുള്ളത്.ഇതില്‍ പ്രതിഷേധിച്ച് ബദിയഡുക്ക പഞ്ചായത്ത് ഭരണസമിതി കാസര്‍ഗോഡ് പഞ്ചായത്ത് ജോയിന്റ് ഡയറക്ടറുടെ ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തി. എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബി. ശാന്ത അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് എം. അബ്ബാസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സൗമ്യ മഹേഷ്, രവികുമാര്‍ പൈ, റഷീദ ഹമീദ്, പഞ്ചായത്ത് പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്മാന് മാഹിന്‍ കേളോട്ട്, പഞ്ചായത്തംഗങ്ങളായ ഡി. ശങ്കര, ഹമീദ് പള്ളത്തടുക്ക, ബാലകൃഷ്ണ ഷെട്ടി, ജയശ്രി, സുബൈദ, അബ്ദുള്‍ റഹ്മാന്, സ്വപ്ന, ശുഭലത, അനിത എന്നിവര്‍ സംബന്ധിച്ചു.
ബദിയടുക്ക പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ അഭാവം അടിയന്തിരമായും നികത്തണമെന്നാവശ്യപ്പെട്ട് സിപിഎം ബദിയടുക്ക, നീര്ച്ചാല് ലോക്കല്‍ സെക്രട്ടറിമാരായ ചന്ദ്രന് പൊയ്യക്കണ്ടം, സുബൈര്‍ ബാപ്പാലിപ്പൊനം എന്നിവര്‍ തദ്ദേശസ്വയംഭരണ മന്ത്രിക്ക് നിവേദനം നല്കി.