വെല്‍ഡിംഗ് തൊഴിലാളി വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍
1338755
Wednesday, September 27, 2023 7:05 AM IST
തൃക്കരിപ്പൂര്‍: വെല്‍ഡിംഗ് തൊഴിലാളിയെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉദിനൂര്‍ പരത്തിച്ചാലിലെ എം.വി.ബാലകൃഷ്ണ(54)നെയാണ് ഇന്നലെ രാവിലെ വീടിനകത്ത് കിടപ്പുമുറിയില്‍ ചോര വാര്‍ന്ന് മരിച്ചതായി കണ്ടെത്തിയത്. വടക്കേ കൊവ്വല്‍ -പരത്തിച്ചാല്‍ റെയില്‍വേ ട്രാക്കിനടുത്തുള്ള വീട്ടിനകത്ത് കിടപ്പുമുറിയില്‍ ചോരവാര്‍ന്ന് മരിച്ച നിലയിലായിരുന്നു മൃതദേഹം.
രണ്ടു വര്‍ഷത്തോളമായി വീട്ടില്‍ തനിച്ചു താമസിച്ചു വരികയായിരുന്നു ബാലകൃഷ്ണന്. ബന്ധുവായ യുവാവ് തന്നെ അക്രമിച്ചതായി ഇന്നലെ പുലര്‍ച്ചെ പേക്കടത്തുള്ള സാമൂഹ്യ പ്രവര്‍ത്തകനെ ബാലകൃഷ്ണന് ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. നേരം പുലര്പ്പോള് വീടിന്റെ ചവിട്ടുപടിയിലും കളത്തിലും വരാന്തയിലും ചോരപ്പാടുകള്‍ കണ്ടതോടെ തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന മൂത്തസഹോദരന് നാരായണന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി വാതിലിന്റെ പൂട്ട് തകര്‍ത്ത് നോക്കിയപ്പോഴാണ് തലക്ക് പിന്നിലും ചെവിക്കടത്തും പരിക്കേറ്റ് ചോര വാര്‍ന്ന് കിടപ്പുമുറിയിലെ കട്ടിലിന് താഴെയായി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം ചന്തേര എസ്ഐ എം.വി.ശ്രീദാസ് ഇന്‍ക്വസ്റ്റ് നടത്തി കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. വിരലടയാള വിദഗ്ദരായ ആര്.രജിത, ഇ.പി.അക്ഷയ്, ഫോറന്‍സിക് ഓഫീസര്‍ എം.എം.ഹരികൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. എസ്ഐ മാരായ എം.വി.ശ്രീദാസ്, സി.മനോജ്, കെ.ലക്ഷ്മണന് എന്നിവര്‍ സ്ഥലത്തെത്തി.
സംഭവവുമായി ബന്ധപ്പെട്ട് ബാലകൃഷ്ണന്റെ ബന്ധുവായ യുവാവിനെ ചന്തേര പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭാര്യ: വസന്ത. മക്കള്‍: അശ്വതി, അമൃത. എം.വി.കേളപ്പന്റെയും കുഞ്ഞാതിയുടെയും മകനാണ്. സഹോദരങ്ങള്‍: നാരായണന്, ദാമോദരന്‍, ശ്രീധരന്, സരോജിനി, രാജന്, പരേതനായ ലക്ഷ്മണന്.