എക്സൈസ് ടവര്‍ പണിയാന്‍ അനുവദിച്ചത് 50 സെന്റ്; കെട്ടിടം നിര്‍മിക്കുമ്പോള്‍ 37 സെന്റ്
1339136
Friday, September 29, 2023 1:04 AM IST
കാസര്‍ഗോഡ്: എക്സൈസുകാര് പിടിച്ചെടുത്ത് സൂക്ഷിച്ച മദ്യത്തിന്റെ അളവ് ദിവസങ്ങള്‍ കഴിയുമ്പോഴേക്ക് കുറഞ്ഞെന്നൊക്കെ പലപ്പോഴും കേള്‍ക്കാറുണ്ട്. ജില്ലാ ആസ്ഥാനത്ത് എക്സൈസ് ടവര്‍ പണിയാന്‍ അനുവദിച്ച സ്ഥലത്തിന്റെ അളവു തന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും കുറഞ്ഞുപോയെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ഒന്നും രണ്ടുമല്ല, 13 സെന്റ് സ്ഥലമാണ് കുറഞ്ഞുപോയത്. 42 വര്‍ഷം മുമ്പാണ് നഗരമധ്യത്തിലെ പുലിക്കുന്നില്‍ എക്സൈസ് ടവര്‍ നിര്‍മിക്കുന്നതിനായി രണ്ട് സര്‍വേ നമ്പറുകളിലായി 50 സെന്റ് സ്ഥലം അനുവദിച്ചത്. ഇവിടെ കെട്ടിടം നിര്‍മിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ പോലും ആരംഭിക്കാതെ നാല് പതിറ്റാണ്ട് കടന്നുപോയി. ഒരു ചുറ്റുമതില്‍ പോലും നിര്‍മിച്ചില്ല.
അടുത്തിടെയാണ് എക്സൈസ് വകുപ്പ് ഇവിടെ കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ചത്. വകുപ്പിന്റെ ഉടമസ്ഥതയില്‍ പുലിക്കുന്നിലുള്ള 37 സെന്റ് സ്ഥലത്ത് കെട്ടിടം നിര്‍മിക്കുന്നതിനുള്ള പ്ലാന്‍ തയ്യാറാക്കാനാണ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പൊതുമരാമത്ത് വകുപ്പിന് കത്തു നൽകിയത്. 50 സെന്റ് സ്ഥലമാണ് എക്സൈസ് വകുപ്പിനുള്ളതെന്ന് രേഖകളില്‍ പറയുമ്പോഴാണ് 37 സെന്റ് മാത്രം കാണിച്ച് കത്തു
നൽകിയത്. ബാക്കി 13 സെന്റ് എവിടെ പോയെന്ന് വ്യക്തമല്ല.
എക്സൈസ് വകുപ്പിന്റെ ഭൂമി ആരെങ്കിലും കൈയേറിയിട്ടുണ്ടെങ്കില്‍ റീസര്‍വേ നടത്തി അത് തിരിച്ചുപിടിക്കാനുള്ള നടപടികള്‍ സ്വീകരിക്കാതെ ഉള്ള സ്ഥലത്ത് കെട്ടിടം പണിയാമെന്ന രീതിയില്‍ മുന്നോട്ടുപോകുന്നത് എന്തിനാണെന്ന ചോദ്യമാണ് ഉയരുന്നത്.
5.2 കോടി രൂപയ്ക്കാണ് എക്സൈസ് ടവര്‍ നിര്‍മാണത്തിന് ഭരണാനുമതി ലഭിച്ചത്. കെട്ടിടത്തിന്റെ പ്ലാന്‍ അംഗീകരിച്ചുകിട്ടാന്‍ സമയമെടുക്കുമെന്നതിനാല്‍ ചുറ്റുമതില്‍ നിര്‍മാണത്തിന് ആദ്യഘട്ട ടെന്‍ഡര്‍ ക്ഷണിക്കാനായിരുന്നു തീരുമാനമെങ്കിലും അതും ഇതുവരെ നടപ്പായില്ല. സ്ഥലം അളന്നു തിട്ടപ്പെടുത്താതെ ചുറ്റുമതില്‍ നിര്‍മിച്ചിട്ട് എന്തു കാര്യമെന്ന ചോദ്യവും ഉയരുന്നു.