യാഹ്വെയിരെ പ്രാർഥനാലയത്തിന്റെ രജതജൂബിലി ആഘോഷം ഇന്ന്
1374437
Wednesday, November 29, 2023 7:32 AM IST
ചീമേനി: ചീമേനി യാഹ്വെയിരെ പ്രാർഥനാലയത്തിന്റെ രജതജൂബിലി ആഘോഷം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും.
ചീമേനി സെന്റ് ആന്റണീസ് പള്ളിയോടനുബന്ധിച്ച് 1998 ഫെബ്രുവരി 10 ന് അന്നത്തെ തലശേരി ആർച്ച്ബിഷപായിരുന്ന മാർ ജോർജ് വലിയമറ്റത്തിന്റെ ആശീർവാദങ്ങളോടെ ഫാ.ആൻഡ്രൂസ് തെക്കേലിന്റെ നേതൃത്വത്തിലാണ് പ്രാർഥനാലയം സ്ഥാപിച്ചത്. കാൽനൂറ്റാണ്ടുകാലമായി ജാതിമത ഭേദമന്യേ അശരണർക്കും ജീവിതയാത്രയിൽ തളർന്നുപോയവർക്കും പ്രാർഥനകളിലൂടെ ആലംബവും വെളിച്ചവുമാകാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ജപമാല, ആരാധന. 2.40ന് കുർബാനയുടെ വാഴ്വ്. 2.45ന് പ്രാർഥനാലയം ഡയറക്ടർ ഫാ.ആൻഡ്രൂസ് തെക്കേലിന്റെ നേതൃത്വത്തിൽ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിക്ക് സ്വീകരണം. മൂന്നിന് ആർച്ച്ബിഷപിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന. വികാരി ജനറാൾമാരായ മോൺ.ജോസഫ് ഒറ്റപ്ലാക്കൽ, മോൺ.മാത്യു ഇളംതുരുത്തിപടവിൽ എന്നിവർ സഹകാർമികരായിരിക്കും.
4.30ന് സ്തോത്രഗീതം. തിരുക്കർമങ്ങളിലും തുടർന്ന് നടക്കുന്ന സ്നേഹവിരുന്നിലും ജാതിമതഭേദമന്യേ വിശ്വാസികൾ പങ്കെടുക്കും.