ഉച്ചഭക്ഷണ മെനു മാത്രം പോര, മതിയായ തുകയും അനുവദിക്കണം: കെപിഎസ്ടിഎ
1569601
Monday, June 23, 2025 12:47 AM IST
കാഞ്ഞങ്ങാട്: വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ച സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ മെനു സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ പുതുക്കിയ മെനു അനുസരിച്ച് ഭക്ഷണം നല്‍കുന്നതിന് പുതുക്കിയ തുകയും ആവശ്യമാണെന്ന് കെപിഎസ്ടിഎ റവന്യുജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ഫ്രൈഡ് റൈസും ബിരിയാണിയും വവിധതരം കറികളും ഉള്‍പ്പെടെ ഭക്ഷണം നല്‍കുന്നതിന് നിലവില്‍ ലോവര്‍ പ്രൈമറിക്ക് അനുവദിച്ചിട്ടുള്ളത് 6.78 രൂപയാണ്.
ഈ തുക വച്ച് എങ്ങനെയാണ് ഇത്രയും വിശാലമായ ഉച്ചഭക്ഷണം നല്‍കുന്നത്. നിലവില്‍ അനുവദിച്ചിട്ടുള്ള തുക പോലും മാസങ്ങളോളം കുടിശിക ആവുകയും ഹൈക്കോടതിയില്‍ കേസ് പരിഗണിക്കുന്ന മുറയ്ക്ക് മാത്രം മൂന്നും നാലും മാസത്തെ കുടിശിക അനുവദിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ കുട്ടികളോട് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ ഉച്ചഭക്ഷണ തുക വര്‍ധിപ്പിക്കാന്‍ തയ്യാറാകണം.
ഉച്ചഭക്ഷണ വിതരണത്തിനു വേണ്ടി മുഖ്യാധ്യാപകര്‍ പണം പിരിക്കാന്‍ ഇറങ്ങണമെന്ന മന്ത്രിയുടെ പ്രസ്താവന അംഗീകരിക്കാന്‍ കഴിയുന്നതല്ല. അധ്യാപകരുടെ ജോലി കുട്ടികളെ പഠിപ്പിക്കുക എന്നുള്ളതാണ്, പണപ്പിരിവല്ല. മതിയായ തുക അനുവദിക്കാത്ത പക്ഷം ഇപ്പോള്‍ പ്രഖ്യാപിച്ച മെനു നടപ്പിലാക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാരിന് ഒഴികെ മറ്റെല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്.
വളരെക്കാലം മുമ്പ് കഞ്ഞിയും പയറും നല്‍കിയിരുന്ന കാലഘട്ടത്തില്‍ 500 കുട്ടികള്‍ക്ക് ഒരു പാചകക്കാരിയാണ് ഉണ്ടായിരുന്നത്. ചോറ്, ഒഴിച്ചു കറി, കൂട്ടുകറി, പാല് ഇത്രയും ഒരു ദിവസം 500 കുട്ടികള്‍ക്ക് പാചകം ചെയ്യാന്‍ ഇപ്പോഴും ഒരു പാചകതൊഴിലാളിയാണുള്ളത്.
ഒരാളെ കൊണ്ട് ഇത്രയും സാധനങ്ങള്‍ 500 കുട്ടികള്‍ക്ക് പാചകം ചെയ്തുകൊടുക്കാന്‍ കഴിയില്ല എന്നത് വസ്തുതയാണ്. അതിനാല്‍ അടിയന്തരമായി നൂറു കുട്ടികള്‍ക്ക് മുകളില്‍ രണ്ടു പാചക തൊഴിലാളികളെ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
ഏറ്റവും പുതിയ ഉത്തരമനുസരിച്ച് ലോവര്‍ പ്രൈമറിക്ക് 6.78 രൂപയും യുപി വിഭാഗത്തിന് 10.17 രൂപയുമാണ്. പാചകവാതകം, അരി കൊണ്ടുവരുന്നതിന്റെ കടത്തുകൂലി, പച്ചക്കറി, പലവ്യഞ്ജനം അടക്കമുള്ള ചെലവുകള്‍ക്ക് നിലവില്‍ അനുവദിച്ചിട്ടുള്ള തുക തികച്ചും അപര്യാപ്തമാണ്.
അതിനാല്‍ പുതിയ മെനു നടപ്പിലാക്കണമെങ്കില്‍ അടിയന്തരമായി മതിയായ തുക അനുവദിക്കണമെന്നും ചെലവിനുള്ള പണം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തേതു പോലെ മുന്‍കൂറായി അനുവദിക്കണമെന്നും കെപിഎസ്ടിഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. റവന്യു ജില്ലാ പ്രസിഡന്റ് പി.ടി. ബെന്നി അധ്യക്ഷതവഹിച്ചു.
കെ. ഗോപാലകൃഷ്ണന്, പി. ശ്രീജ, ജി.കെ. ഗിരീഷ്, പി. ശശിധരന്, അലോഷ്യസ് ജോര്‍ജ്, പ്രശാന്ത് കാനത്തൂര്‍, ജോമി ടി. ജോസ്, സ്വപ്ന ജോര്‍ജ്, എം.കെ. പ്രിയ, വി.കെ. പ്രഭാവതി, പി. ജലജാക്ഷി, ടി.രാജേഷ് കുമാര്‍, സി.എം. വര്‍ഗീസ്, ബിജു അഗസ്റ്റിന് എന്നിവര്‍ സംസാരിച്ചു.