ജില്ലയിലെ സ്കൂളുകൾക്ക് കർശന സുരക്ഷാ
1577426
Sunday, July 20, 2025 8:03 AM IST
കാസർഗോഡ്: ശക്തമായി തുടരുന്ന മഴയും സ്കൂൾ കെട്ടിടങ്ങളുടെയും വിദ്യാർഥികളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട സമീപകാല സംഭവങ്ങളും കണക്കിലെടുത്ത് ജില്ലയിലെ സ്കൂളുകൾക്ക് കർശന സുരക്ഷാ നിർദേശങ്ങളുമായി ജില്ലാദുരന്ത നിവാരണ അഥോറിറ്റി. എല്ലാ സ്കൂളുകളിലും സ്കൂൾ സുരക്ഷാ സമിതികൾ ഉടൻ വിളിച്ചുകൂട്ടാൻ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നല്കി.
കെട്ടിടങ്ങളുടെ സുരക്ഷ, വൈദ്യുത ലൈനുകളുടെയും ട്രാൻസ്ഫോർമറുകളുടെയും സാമീപ്യം, സമീപത്തുള്ള ജലാശയങ്ങൾ, കിണറുകൾ, റോഡ് എന്നിവയിൽ നിന്നുള്ള അപകടസാധ്യതകൾ, കാട്ടുമൃഗങ്ങളിൽ നിന്നും പാമ്പുകളിൽ നിന്നുമുള്ള ഭീഷണികൾ,ഗതാഗത സുരക്ഷ, അഗ്നിബാധയ്ക്കും മറ്റ് അപകടങ്ങൾക്കുമുള്ള സാധ്യത എന്നിവ വിലയിരുത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ, കെഎസ്ഇബി, പിഡബ്ല്യുഡി, അഗ്നിരക്ഷാസേന, ആർടിഒ, വനം വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കണം.
ഇക്കാര്യങ്ങളിൽ ആവശ്യമായ സാങ്കേതിക സഹായം നല്കാനും സ്കൂൾ അധികാരികളുമായി സഹകരിച്ച് വേഗത്തിലുള്ള നടപടികൾ ഉറപ്പാക്കാനും തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് നിർദേശം നല്കി. സ്കൂൾ സുരക്ഷാസമിതി യോഗങ്ങളുടെയും സ്വീകരിച്ച നടപടികളുടെയും മിനിറ്റ്സ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഒരാഴ്ചയ്ക്കുള്ളിൽ ജില്ലാ കളക്ടർക്ക് സമർപ്പിക്കണമെന്നും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ ചുമതല വഹിക്കുന്ന എഡിഎം പി. അഖിൽ നിർദേശം നല്കി.നിർദേശങ്ങളുമായി ദുരന്ത നിവാരണ അഥോറിറ്റി